സ്വന്തം ലേഖകന്‍: ആന്ധ്രയില്‍ കപു വിഭാഗത്തിന്റെ സംവരണം ആവശ്യപ്പെട്ടുള്ള സമരം ആക്രമാസക്തം, തീവണ്ടി കത്തിച്ചു. സംവരണ ആവശ്യവുമായി കപു വിഭാഗം നടത്തിയ സമരമാണ് രത്നാചല്‍ എക്സ്പ്രസ് കത്തിക്കുന്നതില്‍ കലാശിച്ചത്. തീവണ്ടിക്ക് നേരെ നടന്ന കല്ലേറില്‍ നാല് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോധാവരി ജില്ലയിലെ ടുണി റെയില്‍വേ സ്റ്റേഷനിലാണ് സമരക്കാര്‍ തീവണ്ടി കത്തിച്ചത്.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരെയും മര്‍ദിച്ചു. പ്രവര്‍ത്തകര്‍ ചെന്നൈകൊല്‍ക്കത്ത ദേശിയ ഹൈവേ ഉപരോധിച്ചത് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. നിരവധി റെയില്‍പാതകളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ചില തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ദി കപു ഐക്യ ഗര്‍ജന മീറ്റ് എന്ന സംഘടനയുടെ കീഴിലാണ് കപു വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ലക്ഷക്കണക്കിന് കപു വിഭാഗക്കാര്‍ ആന്ധ്രാപ്രദേശില്‍ സമരം നടക്കുന്നത്. കപു വിഭാഗത്തെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വാക്കുപാലിച്ചില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല