സ്വന്തം ലേഖകന്‍: അമേരിക്കയിലെ സിക വൈറസിന്റെ താണ്ഡവം ഇന്ത്യയില്‍ ടാറ്റയുടെ പുതിയ കാറിന് കൊടുത്ത പണി. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റ ആഘോഷപൂര്‍വം അവതരിപ്പിച്ച ചെറു കാറിന്റെ പേരും സിക എന്നാണ്. തൊട്ടുപിന്നാലെ സിക്ക എന്ന പേരില്‍ മാരക വൈറസ് വാര്‍ത്തയാകുകയും ചെയ്തു.
കൊതുകുകള്‍ പരത്തുന്ന ഈ വയറസ് ബാധിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുന്നതുള്‍പ്പെടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളോടെ കുട്ടികള്‍ ജനിക്കുന്നു എന്നതാണ് വൈറസിനെ പ്രശസ്തനാക്കിയത്.
കാറിന്റെ പേരും വൈറസിന്റെ പേരും ഉച്ചരിക്കുമ്പോള്‍ സാദൃശ്യമുണ്ടെന്നതാണ് കമ്പനിയെ വെട്ടിലാക്കിയിരിക്കുന്നത്. സ്പെല്ലിങ്ങില്‍ വ്യത്യാസം ഉണ്ടെങ്കിലും ഉച്ചരിക്കുമ്പോള്‍ രണ്ടും തമ്മില്‍ സാദൃശ്യമുണ്ട്. സിക ഇന്ത്യയില്‍ എത്തി, സികയെ ഇന്ത്യയില്‍ അവതരിപ്പിച്ചു എന്ന പറയുമ്പോള്‍ സിക്ക വൈറസ് ഇന്ത്യയില്‍ എത്തിയെന്നാണോ എന്ന സംശയം ജനങ്ങളില്‍ ഉണ്ടാകുമോ എന്നതാണ് കമ്പനിയുടെ സംശയം. ഇത് വില്‍പ്പനയെ ബാധിക്കുമോ എന്ന ഭയവും കമ്പനിക്കുണ്ട്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ടാറ്റ സികയുടെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടത്. മൊത്തത്തില്‍ കാര്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ജനപ്രിയ കാര്‍ എന്ന നിലയിലാണ് കമ്പനി കാറിനെ വിപണിയില്‍ അവതരിപ്പിച്ചത്. കാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഫുട്ബോള്‍ താരം ലയണല്‍ മെസിയെയും തീരുമാനിച്ചു.
എന്നാല്‍ ഉഗാണ്ടയില്‍ നിന്ന് ആരംഭിച്ച ലോകത്തെ മുഴുവന്‍ ഭീഷണിയിലാക്കിയിരിക്കുന്ന ഒരു വൈറസിന്റെ വ്യാപനം ടാറ്റായെയും ഭീതിയിലാക്കിയിരിക്കുകയാണ്. ഇനിയിപ്പോള്‍ എന്തു ചെയ്യുമെന്ന് തലപുകക്കുകയാണ് ടാറ്റ കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല