സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തില്‍ പരിശോധനയെന്ന പേരില്‍ വികലാംഗ പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചത് വിവാദമാകുന്നു. മുംബൈ നിവാസിയായ അന്താര ടെലങ്ക് എന്ന ഇരുപത്തിനാലുകാരിക്കാണ് മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മറക്കാനാകാത്ത അനുഭവം ഉണ്ടായത്.
കൃത്രിമക്കാലില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് തന്നെ പരിശോധിച്ചതെന്ന് അന്താര പറയുന്നു. പതിനെട്ടാം വയസിലാണ് ഒരു അപകടത്തെ തുടര്‍ന്ന് അന്താരയുടെ കാലുകള്‍ നഷ്ടമായത്. പിന്നീട് കൃത്രിമക്കാല്‍ വച്ചു പിടിപ്പിക്കുകയായിരുന്നു.
മറ്റ് എയര്‍പോര്‍ട്ടുകളില്‍ എക്സ്പ്ലോസീവ് ട്രേഡ് ഡിറ്റക്റ്റര്‍ ഉപയോഗിച്ചാണ് കൃത്രിമക്കാല്‍ പരിശോധിക്കുന്നത്. എന്നിട്ടും മുംബൈ അധികൃതര്‍ മാത്രം തന്നോട് എന്തിനിങ്ങനെ ചെയ്തുവെന്നാണ് അന്താരയുടെ ചോദ്യം.
മെറ്റല്‍ ഡിറ്റക്റ്ററിലൂടെ കടന്ന താന്‍ കൃത്രിമക്കാലിന്റെ കാര്യം അധികൃതരെ അറിയിച്ചുവെന്നും അതേതുടര്ന്ന് ഒരു മുറിയില്‍ കൂട്ടിക്കൊണ്ടുപോയി വസ്ത്രമഴിച്ച് കാല് പരിശോധിക്കുക ആയിരുന്നുവെന്നും അന്താര പറയുന്നു. മുംബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തപ്പോഴെല്ലാം ഈ ദുരനുഭവത്തിലൂടെ തനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും ഇതും കൂട്ടി പത്താം തവണയാണ് താന്‍ അപമാനിക്കപ്പെടുന്നതെന്നും അന്താര പറയുന്നു.
ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അന്താര ആരോപിക്കുന്നു. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്തയായതോടെ വിമാനത്താവള അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല