സ്വന്തം ലേഖകന്‍: വാഹന പരിശോധനക്കിടെ ഊതിച്ചപ്പോള്‍ മുഖത്ത് തുപ്പല് തെറിച്ചതിന് സ്കൂട്ടര്‍ യാത്രികന്റെ കരണത്ത് അടിച്ച എസ്ഐയെ നാട്ടുകാര്‍ പെരുമാറി, ഒടുവില്‍ എസ്ഐയുടെ മാപ്പും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ സുമിത്ത് ജോസ് അതുവഴി വന്ന സ്കൂട്ടര്‍ യാത്രികന് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഊതാന്‍ ആവശ്യപ്പെടുകയും ഊതിക്കുന്നതിനിടെ എസ്.ഐയുടെ മുഖത്തേയ്ക്ക് തുപ്പല് തെറിക്കുകയുമായിരുന്നു.
പ്രകോപിതനായ എസ്.ഐ യാത്രികന്റെ കരണത്ത് അടിച്ചു. സംഭവം കണ്ടുനിന്ന നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും എസ്.ഐയെ കൈകാര്യം ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ എസ്.ഐ പുലിവാലു പിടിച്ചു. ബ്രത്ത് അനലൈസര്‍ ഇല്ലാതെയാണ് പോലീസ് സംഘം യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയിരുന്നത്.
മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് എസ്.ഐ യാത്രക്കാരനോട് മാപ്പ് പറഞ്ഞതെന്നാണ് സൂചന. മാപ്പപേക്ഷയില്‍ മനസ്സലിഞ്ഞ സ്കൂട്ടര്‍ യാത്രികന് എസ്.ഐ സുമിത്ത് ജോസിന് എതിരായ പരാതി പിന്‍വലിച്ചു. പത്തനംതിട്ട ഡിവൈഎസ്പി സ്കൂട്ടര്‍ യാത്രക്കാരെനേയും എസ്.ഐയെയും വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല