സ്വന്തം ലേഖകന്‍: ഇന്ത്യയെ നാണം കെടുത്തി ബംഗളുരുവില്‍ ടാന്സാനിയക്കാരിയെ ആള്‍ക്കൂട്ടം നഗ്നയാക്കി മര്‍ദിച്ച് പൊതു നിരത്തിലൂടെ നടത്തി. ജനക്കൂട്ടം യുവതിയുടെ കാര്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ 21 കാരിയാണ് ജനക്കൂട്ടത്തിന്റെ രോഷത്തിനിരയായത്.
പോലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഞായറാഴ്ച ഇവരുടെ കാര്‍ ഇടിച്ച് ഹെസര്‍ഘട്ട സ്വദേശിയായ 35 കാരന് മരിച്ചെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. എന്നാല്‍ അപകടത്തില്‍ പെട്ട കാര്‍ യുവതിയുടേതായിരുന്നില്ല. അപകടം നടന്ന് അര മണിക്കൂറിന് ശേഷമായിരുന്നു യുവതിയുടെ കാര്‍ സംഭവ സ്ഥലത്ത് എത്തിയത്.
മറ്റൊരു വിദ്യാര്‍ഥിയായ സുഡാന് പൗരന് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന യുവതിയെ ആള്‍ക്കൂട്ടം തടയുകയും യുവതിയെ ബലമായി പുറത്തേക്ക് വലിച്ചിടുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ വസ്ത്രങ്ങള്‍ ആള്‍ക്കൂട്ടം ബലമായി അഴിച്ച് മാറ്റി. ഇതിനിടെ നഗ്നത മറയ്ക്കാന്‍ യുവതിക്ക് ടീ ഷര്‍ട്ട് നല്കിയ യുവാവിനെയും അക്രമികള്‍ മര്‍ദിച്ചു. തുടര്‍ന്ന് ബസില്‍ കയറി രക്ഷപെടാന്‍ യുവതി ശ്രമിച്ചെങ്കിലും ബസില്‍ ഉണ്ടായിരുന്നവര്‍ യുവതിയെ ആള്‍ക്കൂട്ടത്തിലേക്ക് തള്ളിയിട്ടു.
ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് ആള്‍ക്കൂട്ടം തീയിട്ടു. കാറിലുണ്ടായിരുന്ന പാസ്പോര്ട്ടുകള്, എ.ടി.എം കാര്‍ഡുകള്‍ എന്നിവയും പണവും കത്തി നശിച്ചു. ഫോണും മോഷ്ടിക്കപ്പെട്ടു. പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് ചികിത്സ ലഭിച്ചില്ല.
സംഭവത്തില്‍ യുവതി പരാതി നല്‍കിയെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. അപകടത്തിന് ഇടയാക്കിയ സംഘത്തെ കുറിച്ച വിവരം നല്‍കിയാലേ കേസ് റജിസ്റ്റര്‍ ചെയ്യൂ എന്നായിരുന്നു പോലീസ് നിലപാട്. സംഭവത്തില്‍ ഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല