സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടാന്‍സാനിയ ഇന്ത്യക്ക് കത്തയച്ചിരുന്നു.
സംഭവത്തില്‍ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയ ടാന്‍സാനിയന്‍ പ്രതിനിധി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സംഭവിച്ചുകൂടാത്തതാണ് ഇതെന്നും പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിശദീകരണം തേടിയിട്ടുണ്ട്. ഉടനടി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്.
ഇത്തരമൊരു സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും പ്രതികള്‍ക്കെതിരെ ഉടന്‍തന്നെ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഉത്തര ബംഗലൂരുവിലെ ഹെസാര്ഘട്ടില് ഞായറാഴ്ച രാത്രിയാണ് 200 ഓളം വരുന്ന ജനക്കൂട്ടം ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയും സംഘവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
ബംഗലൂരു ആചാര്യ കോളജിലെ ബി.ബി.ഐ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഡാന്‍കാരനായ ഒരാളുടെ കാര്‍ പ്രദേശവാസിയെ ഇടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാറില്‍ നിന്ന് വലിച്ചിറക്കിയ യുവതിയെ മര്‍ദ്ദിച്ച ശേഷം നഗ്നയാക്കി നടത്തുകയായിരുന്നു. ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി യാത്രക്കാര്‍ തള്ളി പുറത്തിട്ടു. ഓട്ടോ റിക്ഷയിലെങ്കിലം രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും ഓള് ആഫ്രിക്കന്‍ സ്റ്റുഡന്‍സ് യൂണിയന് ആരോപിക്കുന്നു.
പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ വഴിപോക്കനെയും ജനക്കൂട്ടം ആക്രമിച്ചു. ജനക്കൂട്ടം അക്രമം അഴിച്ചുവിടുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല