സ്വന്തം ലേഖകന്‍: കുവൈത്ത് ആശ്രിത, സന്ദര്‍ശക വിസകള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകും. നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് അല്‍ഖാലിദ് അല്‍സബാഹ് അംഗീകാരം നല്കി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കുകള്‍ ഈടാക്കിത്തുടങ്ങും.
മാതാപിതാക്കള്‍ക്ക് 300 ദിനാര്‍ വീതം, ഭാര്യക്ക് 200 ദിനാര്‍, മക്കള്‍ക്ക് 150 ദിനാര്‍ വീതം എന്നിങ്ങനെയാണ് നിരക്ക് വര്‍ധന. സന്ദര്‍ശകവിസയ്ക്ക് മൂന്നു ദിനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദിനാര്‍, രണ്ടുമാസത്തേക്ക് 60 ദിനാര്‍, മൂന്നുമാസത്തേക്ക് 90 ദിനാര്‍ എന്നിങ്ങനെയാണ് വര്‍ധന. ഇതിനുപുറമെ എല്ലാത്തരം വിസകള്‍ പുതുക്കാനും 100 ശതമാനം ഫീസ് വര്‍ധന ശുപാര്‍ശയിലുണ്ട്. നിലവിലെ 10 ദിനാര്‍ 20 ദിനാറാകും. ഇഖാമ പുതുക്കുന്നതിന് 20 ദിനാര്‍ നല്‍കണം. താല്‍ക്കാലിക ഇഖാമയ്ക്കും 20 ദിനാര്‍ നല്‍കണമെന്നാണ് ശുപാര്‍ശ.
വിസാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2014 അവസാനത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരക്ക് വര്‍ധന മലയാളികള്‍ അടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല