സ്വന്തം ലേഖകന്‍: പുഷ് അപ്പ് എടുത്ത് എരുമേലി സ്വദേശിയായ മലയാളി ലോക റെക്കോര്‍ഡിട്ടു. എരുമേലി സ്വദേശിയായ കെജെ ജോസഫാണ് അപൂര്‍വ റെക്കോര്‍ഡിന് ഉടമയായത്. അമേരിക്കകാരനായ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡാണ് ജോസഫ് മറികടന്നത്.
ജോസഫിന്റെ ആദ്യ ലോക റെക്കോര്‍ഡല്ല ഇത്. 2015 ല്‍ ഇരുമ്പ് കമ്പികള്‍ കൈകൊണ്ട് അടിച്ചൊടിച്ചും ജോസഫ് റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് 2015 ല്‍ തന്നെ ഒരു മണിക്കൂറില്‍ 2000 പുഷ് അപ്പുകള്‍ എടുത്ത് ഈ എരുമേലിക്കാരന്‍ വീണ്ടും ലോക റെക്കോര്‍ഡ് കുറിച്ചു.
എന്നാല്‍ ഇതുകൊണ്ടും റെക്കോര്‍ഡുകളോടുള്ള ഇഷ്ടം അവസാനിപ്പിക്കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. ഒരു മിനിട്ടില്‍ 79 പുഷ് അപ്പ് എന്ന അമേരിക്കകാരന്‍ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡിലാണ് ജോസഫ് ഇത്തവണ കണ്ണുവെച്ചത്.
100 പുഷ് അപ്പുകള്‍ ലക്ഷ്യംവച്ചെങ്കിലും ഒരു മിനിട്ടില്‍ 79 നെ 82 പുഷപ്പുകള്‍ക്ക് മറികടന്ന് ജോസഫ് റെക്കോര്‍ഡ് തിരുത്തി. കരാട്ടെയിലും കളരിപ്പയറ്റിലും മികവ് തെളിയിച്ചിട്ടുള്ള ജോസഫ് പഞ്ചകര്‍മ്മയിലും ഗുസ്തിയിലും വിദഗ്ദനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല