സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് സമത്വത്തിന് ട്രായ് പച്ചക്കൊടി വീശി, ഫേസ്ബുക്കിന്റെ ഫ്രീ ബേസിക് പദ്ധതിക്ക് കനത്ത തിരിച്ചടി. ഇന്റര്‍നെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) അംഗീകാരം നല്‍കിയതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് അധികം തുക ഈടാക്കാനുള്ള ടെലികോം സേവനദാതാക്കളുടെ നീക്കത്തിനും അവസാനമായി.
ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ സൗജന്യം അല്ലെങ്കില്‍ നിരക്കിളവ് എന്ന വിഭജനം പാടില്ലെന്ന് ട്രായ് നിര്‍ദേശം നല്‍കി. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നും വിലക്ക് ലംഘിക്കുന്ന കമ്പനികള്‍ക്ക് പ്രതിദിനം 50,000 രൂപ വീതം പരമാവധി 50 ലക്ഷം പിഴ ചുമത്തുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു.
ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനത്തിനും ഒരേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കി. ഇതനുസരിച്ച് ഇനി മുതല്‍ ടെലികോം കമ്പനികള്‍ക്ക് സൗജന്യ ഫേസ്ബുക്, വാട്‌സ്ആപ്, ട്വിറ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയ ഓഫര്‍ പ്‌ളാനുകള്‍ വില്‍ക്കാനാവില്ല.
അതേസമയം, നിലവില്‍ ഇത്തരം ഓഫറുകള്‍ എടുത്തവര്‍ക്ക് അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ അത് തുടരാന്‍ അനുമതിയുണ്ട്. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സേവനം എല്ലാവര്‍ക്കും എത്തിക്കാനെന്ന പേരില്‍ ഫ്രീ ബേസിക് പദ്ധതിയിലൂടെ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ള ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതിക്കും ട്രായ് തീരുമാനം കനത്ത തിരിച്ചടിയായി.
റിലയന്‍സുമായി ചേര്‍ന്ന് മൊബൈല്‍ ഫോണുകളില്‍ ഫേസ്ബുക് ഉള്‍പ്പെടെ ഏതാനും വെബ്‌സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് ഫ്രീ ബേസിക് പദ്ധതി. ‘എയര്‍ടെല്‍ സീറോ’ എന്ന പേരില്‍ സമാനമായ പദ്ധതി നേരത്തേ എയര്‍ടെല്ലും അവതരിപ്പിച്ചിരുന്നു. ഇരു പദ്ധതികളും സൈബര്‍ ലോകത്ത് അസമത്വത്തിന് കാരണമാകുമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല