സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം വിജയിച്ചത് മൂന്നാം ശ്രമത്തിലെന്ന് അമേരിക്കന്‍ ഭീകരന് ഹെഡ്ലിയുടെ മൊഴി. മുമ്പ് രണ്ടുവട്ടം ആക്രമണത്തിന് നീക്കം നടത്തിയിരുന്നതായും രണ്ടുവട്ടവും അവസാനഘട്ടത്തില്‍ ആക്രമണം നടത്താനുള്ള തീരുമാനം മാറ്റിവക്കുകയായിരുന്നെന്നും പാക്, അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി കോടതി മുമ്പാകെ മൊഴി നല്കി.
മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) ലഷ്കര്‍ ഇ തോയ്ബയും നടത്തിയ ആസൂത്രണം സംബന്ധിച്ച് മുംബൈ സിവില്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് ഹെഡ്ലി മൊഴി നല്‍കിയത്. അമേരിക്കയില്‍ തടവിലുള്ള ഹെഡ്ലിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള മൊഴിയെടുപ്പ് അഞ്ചു മണിക്കൂറോളം നീണ്ടു.
ഭീകരാക്രമണത്തിനു മുമ്പ് ഏഴുവട്ടം മുംബൈ സന്ദര്‍ശിച്ചതായി ഹെഡ്ലി കോടതിയെ ബോധിപ്പിച്ചു. നഗരത്തിലെ ജനത്തിരക്കുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ബോട്ടില്‍ സഞ്ചരിച്ച് തുറമുഖങ്ങളില്‍ നിരീക്ഷണം നടത്തി. ചില ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടാക്കിയതായും ഹെഡ്ലി പറഞ്ഞു. ഹാഫിസ് സെയ്ദിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് ലഷ്കര്‍ ഇ തോയ്ബയില്‍ സജീവമായത്.
ദാവൂദ് ഗീലാനിയെന്ന പേരുമാറ്റി ഡേവിഡ് ഹെഡ്ലിയാക്കിയത് ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കാനാണ്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ വ്യവസായിയെന്നനിലയിലാണ് പാസ്പോര്‍ട്ട് നേടിയത്. മുംബൈയിലെത്തി ആക്രമണം നടത്തേണ്ട സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ തയ്യാറാക്കുകയായിരുന്നു തന്റെ ദൌത്യം.
2009 മാര്‍ച്ചില്‍ ഡല്‍ഹിയിലെത്തി ഉപരാഷ്ട്രപതി ഭവനും സിബിഐ ഓഫീസും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സുരക്ഷാസാഹചര്യങ്ങള്‍ പഠിച്ചു. ഇവിടെയും ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലഷ്കര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ഹെഡ്ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല