1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: ജപ്പാനില്‍ സുനാമി കവര്‍ന്നെടുത്ത ജീവനുകള്‍ പ്രേതങ്ങളായി അലയുന്നു, ടാക്‌സി ഡ്രൈവര്‍മാരുടെ നേര്‍സാക്ഷ്യം. ജപ്പാനിലെ ചില ടാക്‌സി ഡ്രൈവര്‍മാരുടെ അനുഭവ കഥകളാണ് പുതിയ വെളിപ്പെടുത്തലായി പുറത്തു വന്നത്.

മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യ സംഭവം. ഇഷിനോമാകി റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഒരു പെണ്‍കുട്ടി ടാക്‌സിപിടിച്ചു. നീണ്ട കോട്ടുധരിച്ച, 20 നും 25 നും ഇടയില്‍ പ്രായമുള്ള സുമുഖയായ പെണ്‍കുട്ടി. 2011 ല്‍ സുനാമി ദുരന്തം വിതച്ച മിനാമിഹാമ എന്ന പ്രേത നഗരത്തിലേക്കായിരുന്നു പെണ്‍കുട്ടിക്ക് പോകേണ്ടിയിരുന്നത്.

ഡ്രൈവിങ്ങിനിടെ പലതും പറഞ്ഞ് തിരിഞ്ഞു നോക്കിയ ഡ്രൈവര്‍ക്ക് പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. ഓടിക്കൊണ്ടിരുന്ന കാറില്‍നിന്നും അവള്‍ എവിടേയ്ക്ക് പോയെന്ന സംശയത്തിനൊടുവില്‍ അയാള്‍ക്ക് കാര്യം പിടികിട്ടി. പെണ്‍കുട്ടി പ്രേതമായിരുന്നു.

തനിക്കുണ്ടായ അനുഭവം ഗവേഷക വിദ്യാര്‍ത്ഥിയായ യുക്കയുമായി ഡ്രൈവര്‍ പങ്കുവച്ചു. തുടര്‍ന്ന് യുക്ക നിരവധി ടാക്‌സി ഡ്രൈവര്‍മാരുടെ അനുഭവം പകര്‍ത്തി. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തി ലഭിക്കാതെപോയ പണത്തിന്റെ മീറ്റര്‍ കണക്കും, ഡ്രൈവേഴ്‌സ് റിപ്പോര്‍ട്ടുംവരെ നിരത്തി ഏഴുപേര്‍ തങ്ങളുടെ പ്രേതാനുഭവത്തിന്റെ തെളിവുമായി രംഗത്തു വന്നു.

എന്നാല്‍ പ്രേത വാര്‍ത്തകളെ പരിഹസിച്ച് ഗവേഷകരും രംഗത്തെത്തി. ലോകം നടുക്കിയ ദുരന്തം തീര്‍ത്ത ആഘാതവും സുനാമിയില്‍ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകളുമാണ് ഇത്തരത്തിലുള്ള പ്രേതാനുഭവങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.