സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി, മൈതാനത്തില്‍ ടെന്നീസ് പന്തുമഴ പെയ്യിച്ച് ആരാധകരുടെ പ്രതിഷേധം. സെമി ഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ടെന്നീസ് പന്തുകള്‍ വലിച്ചെറിഞ്ഞാണ് ആരാധകള്‍ നിരക്ക് കൂട്ടിയതിലുള്ള ദേഷ്യം തീര്‍ത്തത്. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് ക്ലബിന്റെ ആരാധകരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന.
സ്വന്തം നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ മത്സരങ്ങളില്‍ ഗ്യാലറി നിറഞ്ഞു കവിയുന്നതും പതിവാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതോടെ ആരാധകര്‍ക്ക് മത്സരം കാണുന്നതിനുള്ള അവസരം കുറഞ്ഞതായി പരാതിയുയര്‍ന്നിരുന്നു. ഇതാണ് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് ആരാധകരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്വന്തം ടീം പങ്കെടുക്കുന്ന സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ 20 മിനിറ്റ് ബഹിഷ്‌കരിക്കാനാണ് ആരാധകര്‍ കൂട്ടമായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ബഹിഷ്‌കരണം കാര്യമായി ഫലം കണ്ടില്ലെന്ന നിഗമനത്തില്‍ ടെന്നീസ് പന്തുകളുമായി ആരാധകര്‍ ഗ്യാലറിയില്‍ തിരിച്ചെത്തുകയായിരുന്നു.
തുടര്‍ന്ന് മത്സരത്തിനിടെ ആരാധകര്‍ പന്തുകള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ മത്സരം തടസ്സപ്പെടുകയും താരങ്ങള്‍തന്നെ ഗ്രൗണ്ടില്‍നിന്ന് പന്ത് പെറുക്കിക്കളയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല