1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം. 12 വയസുകാരനായ അഹമ്മദ് എന്ന സിറിയന്‍ അഭയാര്‍ഥി ബാലനാണ് സ്വീഡിഷ് രാജാവിന് തന്റെ ദുരിതങ്ങള്‍ ഉള്ളില്‍ തട്ടും വിധം വിവരിച്ച് കത്തെഴുതിയത്.

കത്തില്‍ സിറിയയില്‍ അഹമ്മദ് നേരിട്ട ദുരിതവും മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്കുള്ള പേടിപ്പെടുത്തുന്ന കടല്‍ യാത്രകളുമെല്ലാം ഞെട്ടിക്കുന്ന രീതിയില്‍ വിവരിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയ അഹമ്മദിന്റെ കത്ത് അയ്‌ലാന്‍ കുര്‍ദ്ദിയുടെ ദുരന്ത ചിത്രത്തിന് ശേഷം സിറിയന്‍ അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ നേര്‍ പ്രതീകമാകുകയാണ്.

സ്വീഡനിലെ മാല്‍മോയില്‍ സ്‌കൂള്‍ നടത്തുന്ന പൂജാ ഷരാഫണ്യുടെ സോഫിലെന്‍സ്‌കോളാനിലെ വിദ്യാര്‍ഥിയാണിപ്പോള്‍ അഹമ്മദ്. കുട്ടികളില്‍ ഒരാള്‍ സ്വീഡിഷ് രാജാവിന്റെ വിലാസത്തിത്തില്‍ അയച്ച കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് അഹമ്മഫില്‍ അവസാനിച്ചത്. എന്തിനാണ് രാജാവിനെ കാണുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ കഥ പറയാനാണെന്നായിരുന്നു മറുപടി.

കത്ത് വായിച്ച ശേഷം വികാരം തടുക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നും കരഞ്ഞുപോയെന്നും ഷെരീഫ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
തുടര്‍ന്ന് സിറിയന്‍ ഭാഷയില്‍ അഹമ്മദ് എഴുതിയ കത്ത് ഇംഗ്ലീഷിലേക്കും സ്വീഡിഷ് ഭാഷയിലേക്കും ഷെരീഫ് പരിഭാഷപ്പെടുത്തി. ഇതിന് പുറമേ ഫേസ്ബുക്കില്‍ ‘ലെറ്റര്‍ ടൂ കിംഗ്’ എന്ന പേരില്‍ ഒരു പേജ് തുറന്ന് സാമൂഹ്യ മാധ്യമം വഴി ഒരു പ്രചരണത്തിനും തുടക്കമിട്ടിട്ടു.

ഇതാണ് അഹമ്മദിന്റെ കത്തിന്റെ പൂര്‍ണ രൂപം.

ഗുസ്താവ് രാജാവിന്,

എന്റെ പേര് അഹമ്മദ്, എനിക്ക് 12 വയസ്സ്. അമ്മയും അച്ഛനും ഒരു സഹോദരനുമുണ്ട്. ആലെപ്പോയിലെ സന്തോഷം നിറഞ്ഞ സുന്ദരമായ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്റെ പിതാവിന് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിത്തരുമായിരുന്നു. ഞങ്ങള്‍ക്ക് കാറുണ്ടായിരുന്നു. എന്നാല്‍ എല്ലാം യുദ്ധം തുടങ്ങി മിസൈലിന്റെയും വെടിയുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നത് വരെയായിരുന്നു. ഫാക്ടറി കത്തിനശിച്ചു. ഒന്നും അവശേഷിച്ചില്ല. സന്തോഷവും സമാധാനവുമെല്ലാം പോയ് മറഞ്ഞു തുടങ്ങി.

കണ്‍മുന്നില്‍ ടീച്ചര്‍ വെടിയേറ്റ് മരിച്ചതിന് ശേഷം ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യം നിറഞ്ഞ ആ നിമിഷങ്ങള്‍ കണ്ണില്‍ നിന്നും ഒരിക്കലും മായുന്നില്ല. ഫാക്ടറി മുഴുവന്‍ കത്തി നശിച്ചെന്ന് പിതാവ് വന്നു പറഞ്ഞ ദിവസം അമ്മ മുറിക്ക് പുറത്ത് വന്ന് ഏറെ കരഞ്ഞു. ഞങ്ങളുടെ സുരക്ഷയെ കരുതിയാണ് പിതാവ് എല്ലാം ഉപേക്ഷിച്ച് പോകാന്‍ തയ്യാറായത്. എന്നാല്‍ എന്റെ ദുരിതദിനങ്ങള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ശനിയാഴ്ച പുലര്‍ച്ചെ ഞങ്ങള്‍ തുര്‍ക്കിയിലേക്ക് പോയി. കാറ്റു നിറഞ്ഞ ഒരു ബോട്ടില്‍ പേടിപ്പെടുത്തുന്നതായിരുന്നു യാത്ര. അഗാധമായ കടലില്‍ തലയ്ക്ക് മുകളില്‍ ഇരുട്ടും ചുറ്റും വെള്ളവുമായിരുന്നു. ശരിക്കും പേടിച്ചു. സഹയാത്രികരുടെ നിലവിളിയും കുട്ടികളുടെ ഭയന്നുള്ള കരച്ചിലും യാത്രയില്‍ ഉടനീളം ഉണ്ടായിരുന്നു.

ഉള്ളിലെ ആധി മറച്ചുവെച്ച് എന്നെയും ചേട്ടനെയും സമാധാനിപ്പിക്കാന്‍ പിതാവ് എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു. എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു ദുരിതങ്ങള്‍. എനിക്കെന്തുപറ്റി? എന്റെ വീട് എവിടെ? എന്റെ കിടക്കയും കളിപ്പാട്ടവും എവിടെപ്പോയി? ഞാന്‍ സ്വയം സംസാരിച്ചുകൊണ്ടിരുന്നു.

ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ഒരു ദ്വീപിലായിരുന്നു. വളരെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്ന വന്ന റബ്ബര്‍ബോട്ടിനേക്കാള്‍ മോശമായ സഹിക്കാന്‍ കഴിയാത്ത നാറ്റമുള്ള സ്ഥലത്തേക്ക് ഞങ്ങളെ പോലീസ് കൊണ്ടുപോയി. പോലീസ് വിട്ടയയ്ക്കുന്നത് വരെ അവിടെ തങ്ങേണ്ടി വന്നു. വീടോ കൂടോ ഇല്ലാതെ 15 ദിവസം. ഞാന്‍ വിഷാദത്തിന്റെ മുര്‍ദ്ധന്യാവസ്ഥയിലായി. അച്ഛനും അമ്മയും കടുത്ത മനക്‌ളേശത്തിലായി. മുമ്പ് ഞങ്ങള്‍ക്ക് ചെയ്തു തന്നിരുന്നത് പോലെയുള്ള കാര്യങ്ങള്‍ അവര്‍ക്ക് ഇനി ചെയ്യാന്‍ കഴിയില്ലല്ലോ.
ഞാന്‍ എപ്പോഴും കരയാന്‍ വേണ്ടി മാത്രം പുറത്ത് പോകുമായിരുന്നു. അമ്മയ്ക്കും അച്ഛനും കൂടുതല്‍ വിഷമം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അപ്പനും അമ്മയും കാണ്‍കെ കരയാത്തത്.

എന്നെപ്പോലെ തന്നെയായിരുന്നു അമ്മയും. ആരും കാണാതെ കരയും. അതു കാണുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്ന് പോകും. ഞങ്ങള്‍ ഇപ്പോള്‍ സ്വീഡനിലാണ്. സിറിയയിലെ ഞങ്ങളുടെ വലിയ വീടിന് പകരം ഇവിടെ സ്വീഡനില്‍ ഇപ്പോള്‍ എന്റെ ആന്റിയുടെ ചെറിയ മുറിയിലാണ് താമസം. എല്ലാ ദിവസവും ഉണരുമ്പോള്‍ ജനാലയിലൂടെ എല്ലാവരേയും തീറ്റിപ്പോറ്റാന്‍ കഴിയാതെ ദു:ഖഭാരത്തോടെ ഇരിക്കുന്ന പിതാവിനെ കാണും.

കരുണയുള്ളവനും നല്ലവനുമാണ് സ്വീഡിഷ് രാജാവെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അങ്ങയെ കണ്ട് എന്റെ കഥ പറയണമെന്നുണ്ട്. അതുകൊണ്ടാണ് അങ്ങയെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് വേണ്ടി തന്നെ ഒരു ബാഗ് നിറയെ പുത്തന്‍ ഉടുപ്പുമായിട്ടാണ് ഞാന്‍ ഇവിടെ എത്തിയത്. അങ്ങയെ കാണുമ്പോള്‍ ഇവയില്‍ ഒന്നായിരിക്കും ഞാന്‍ ഇടുക.

ആത്മാര്‍ത്ഥതയോടെ,

അഹമ്മദ്, 12
മാല്‍മോ 2/2/2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.