സ്വന്തം ലേഖകന്‍: 106 വര്‍ഷങ്ങള്‍ക്കു ശേഷം ടൈറ്റാനിക് പുനര്‍ജനിക്കുന്നു, അത്യന്താധുനിക സൗകര്യങ്ങളോടെ പുതിയ കപ്പല്‍. കന്നിയാത്രയില്‍ മഹാ ദുരന്തത്തില്‍ കലാശിച്ച ടൈറ്റാനിക് തുടര്‍ന്ന് സിനിമയിലൂടെ വീണ്ടുമെത്തി ലോകത്തിന്റെ കണ്ണുനനയിച്ചിരുന്നു. എന്നാല്‍ കപ്പലിന്റെ മൂന്നാം വരവ് ശരിക്കും കപ്പലായാണ്.
ടൈറ്റാനിക് 2 എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ 2018 ഓടെ കടലില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് അന്ത്യവിശ്രമംകൊണ്ട് 106 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കപ്പല്‍ പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നത്. ഓസ്‌ട്രേലിയന്‍ കോടീശ്വരനായ ക്ലൈവ് പാള്‍മെറും അദ്ദേഹത്തിന്റെ കമ്പനിയായ ബ്ലൂ സ്റ്റാര്‍ ലൈനുമാണ് പുതിയ പദ്ധതിക്ക് പിന്നില്‍.
1912ല്‍ ഉണ്ടായിരുന്ന ടൈറ്റാനിക്കിന്റെ രൂപ സാദൃശ്യത്തിലായിരിക്കും ടൈറ്റാനിക്ക് 2 ഉം നിര്‍മ്മാണം പൂര്‍ത്തിയാക്കുക. സുരക്ഷ ഒരുക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയും കപ്പലില്‍ സജ്ജമായിരിക്കും.
270 മീറ്ററാണ് കപ്പലിന്റെ നീളം. 53 മീറ്റര്‍ ഉയരവും 40,000 ടണ്‍ ഭാരവും കപ്പലിന്റെ മറ്റ് പ്രത്യേകതകളാണെന്ന് ബെല്‍ഫാസ്റ്റ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യഥാര്‍ത്ഥ ടൈറ്റാനിക്കിന് സമമായി ടൈറ്റാനിക് 2 വിനും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ ഉണ്ടായിരിക്കും. ഒമ്പത് നിലകളും 2400 യാത്രക്കാര്‍ക്കും 900 ക്രൂ അംഗങ്ങള്‍ക്കും സുഖമായി കഴിഞ്ഞുകൂടുന്നതിന് 840 കാബിനുകളും കപ്പലില്‍ ഒരുങ്ങുന്നുണ്ട്. സ്വിമ്മിങ് പൂളും, തുര്‍ക്കിഷ് ബാത്ത്, ജിം എന്നിവയും കപ്പലിന്റെ മറ്റ് പ്രത്യേകതകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല