സ്വന്തം ലേഖകന്‍: മിന്നല്‍ വേഗമുള്ള ഇന്റര്‍നെറ്റുമായി ലണ്ടന്‍ യൂണീവേഴ്സിറ്റി കോളേജിലെ ഗവേഷകര്‍, ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡില്‍ താഴെ സമയം മാത്രം. സെക്കന്‍ഡില്‍ 1.25 ടെറാബൈറ്റ് വേഗമുള്ള ഇന്റര്‍നെറ്റ് ബന്ധം വൈകാതെ യഥാര്‍ഥ്യമാകും.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഡോ. റോബര്‍ട്ട് മാതര്‍ ആണു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വൈഫൈയില്‍ റേഡിയോ തരംഗങ്ങള്‍ സംക്ഷിപ്തമാക്കാനുപയോഗിക്കുന്ന രീതി ലേസര്‍ തരംഗങ്ങളില്‍ പ്രയോഗിച്ചാണ് പുതിയവേഗം കൈവരിച്ചത്.
ഈ വേഗം പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുന്ന പഴ്സണല്‍ കമ്പ്യൂട്ടറുകള്‍ പോലും വ്യാപകമായിട്ടില്ല. ഏതാനും ടെറാബൈറ്റുകള്‍ സംഭരണശേഷിയുടെ ഹാര്‍ഡ് ഡിസ്കുകളാണ് ഇപ്പോളുള്ളത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു കമ്പ്യൂട്ടറില്‍നിന്നും മറ്റൊന്നിലേക്കു വിവരം കൈമാറാന്‍ പുതിയ സാങ്കേതികവിദ്യക്കു കഴിയുമെന്നു ചുരുക്കം.
നിലവിലുള്ള അതിവേഗ ഇന്റര്‍നെറ്റ് സംവിധാനത്തെക്കാള്‍ 50,000 ഇരട്ടി വേഗമുണ്ട് പുതിയതിന്. ഒരു ഡിവിഡിയില്‍ 4.7 ജിഗാബൈറ്റ് ഡേറ്റയാണ് ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നത്. 1,024 ജിഗാബൈറ്റാണ് ഒരു ടെറാബൈറ്റ്. പുതിയ സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല