സ്വന്തം ലേഖകന്‍: പോരാട്ടം വീര്യം ചോരാതെ ലാന്‍സ് നായിക്ക് ഹനുമന്തപ്പ യാത്രയായി, രാജ്യത്തിന്റെ ആദരം. സിയാച്ചിനില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ പ്രതീകമായിമായി മാറിയ ലാന്‍സ് നായിക് ഹനുമന്തപ്പ ന്യൂഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് അന്തരിച്ചത്.
രണ്ടു ദിവസം മരണവുമായി ഇഞ്ചോടിഞ്ച് പോരാടിയായിരുന്നു അന്ത്യം. കൊടുംതണുപ്പില്‍ തകരാറിലായ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ വിദഗ്ധ ചികില്‍സയ്ക്കും കഴിഞ്ഞില്ല. കടുത്ത ന്യുമോണിയ ബാധയും വെല്ലുവിളിയായി.
കഴിഞ്ഞ മൂന്നിനു പുലര്‍ച്ചെ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലിലാണ് മദ്രാസ് റെജിമെന്റ് 19 ആം ബറ്റാലിയന്‍ അംഗമായിരുന്ന ഹനുമന്തപ്പ അടക്കം 10 സൈനികര്‍ കുടുങ്ങിയത്.
കൊല്ലം സ്വദേശി ലാന്‍സ്‌നായിക് ബി. സുദേഷ് ഉള്‍പ്പെടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരും വീരമൃത്യു വരിച്ചെന്നാണു സൈനിക കേന്ദ്രങ്ങള്‍ ആദ്യം അറിയിച്ചത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ആറു ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഒന്‍പതിന് 35 അടിയോളം താഴ്ചയില്‍ മൈനസ് 45 ഡിഗ്രി തണുപ്പില്‍ ജീവന്റെ തുടിപ്പുകളുമായി ഹനുമന്തപ്പയെ കണ്ടെത്തി.
അതീവഗുരുതരനിലയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയിലെ ബെട്ടാദുര്‍ സ്വദേശിയായ ഹനുമന്തപ്പ 13 വര്‍ഷം മുമ്പാണ് സൈനിക സേവനം തുടങ്ങുന്നത്. ഭാര്യ മഹാദേവി അശോക് ബിലെബാല്‍, മകള്‍: രണ്ടരവയസുകാരി നേത്ര കൊപ്പഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല