സ്വന്തം ലേഖകന്‍: നെറ്റ് ന്യൂട്രാലിറ്റി തിരിച്ചടിക്കു പുറകെ ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവച്ചു. ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡിയാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ആറുവര്‍ഷമായി കിര്‍തികയായിരുന്നു ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി യു.എസിലേക്ക് പോകുന്നതിനാലാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കിര്‍തിക ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിക്ക് ഉടമയാണ് കിര്‍തിക.
ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്. കീര്തികയ്ക്ക് പിന്‍ഗാമിയായി ആരാണ് ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് എത്തുകയെന്നത് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.
നേരത്തെ ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് പദ്ധതിയെ തള്ളിക്കൊണ്ട് ട്രായ് തീരുമാനം പുറത്തുവന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായിരുന്നു. ട്രായുടെ തീരുമാനത്തില്‍ ഫേസ്ബുക്ക് തലവന്‍ സുക്കര്‍ബര്‍ഗ് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രീ ബേസിക്സ് ഇന്റര്‍നെറ്റ് ലോകത്തെ സമത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രായ് വിധിയെഴുതിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല