സ്വന്തം ലേഖകന്‍: ഡേവിഡ് ബെക്കാം, വിക്ടോറിയ ദമ്പതികള്‍ വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍, വാര്‍ത്ത നിഷേധിച്ച് താര ദമ്പതികളുടെ വക്താവ്. ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ദമ്പതികളായ ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമും അദ്ദേഹത്തിന്റെ പാട്ടുകാരിയായ ഭാര്യ വിക്ടോറിയയും പിരിയാന്‍ ഒരുങ്ങുന്നതായിട്ടാണ് വാര്‍ത്തകള്‍.
ചില പാശ്ചാത്യ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. 2016 ല്‍ ആറു മാസം ഗോസിപ്പു കോളങ്ങളുടെ ഓമനകളായ ഇവര്‍ അകന്നു കഴിയുമെന്നും വാര്‍ത്തകളില്‍ പറയുന്നു. വിഖ്യാത സംഗീത ഗ്രൂപ്പ് സ്പൈസ് ഗേള്‍സിലെ പ്രമുഖ പാട്ടുകാരിയും ഫാഷന്‍ ഡിസൈനറുമൊക്കെയായ വിക്ടോറിയ ഇറ്റലി, ഫ്രാന്‍സ്, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ സ്റ്റോര്‍ തുറക്കാനായി പറക്കാന്‍ ഒരുങ്ങുയാണെന്നും മിലാനിലെയും പാരീസിലെയും ഫാഷന്‍ വീക്കുകളില്‍ വിക്ടോറിയ പങ്കെടുക്കുമ്പോള്‍ ബെക്കാം മിയാമിയില്‍ ആയിരിക്കുമെന്നുമൊക്കെയാണ് വാര്‍ത്തകള്‍.
അതേസമയം പിരിയല്‍ വാര്‍ത്തകള്‍ വെറും അപവാദം മാത്രമാണെന്നും ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും ഇവര്‍ ഒരുമിച്ചായിരിക്കുമെന്നും ഹോങ്കോംഗ് യാത്ര പദ്ധതിയിലേ ഇല്ലെന്നും മിലാനിലെയോ പാരീസിലെയോ ഫാഷന്‍ വീക്കുകളില്‍ പങ്കെടുക്കാന്‍ വിക്ടോറിയയ്ക്ക് ഒരു പദ്ധതിയുമില്ലെന്നും ഇരുവരുടേയും പ്രതിനിധി വ്യക്തമാക്കി.
ഡേവിഡിന് മിയാമി സന്ദര്‍ശിക്കാനും പദ്ധതിയില്ലെന്ന് വക്താവ് പറഞ്ഞു. അല്പകാല വിവാഹ ബന്ധങ്ങള്‍ പതിവായ താര വിവാഹങ്ങള്‍ക്കിടയില്‍ 17 വര്‍ഷത്തെ ദാമ്പത്യത്തിലൂടെ അപൂര്‍വ ദമ്പതികളായി മാറിയവരാണ് ബെക്കാമും വിക്ടോറിയയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല