സ്വന്തം ലേഖകന്‍: പാന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജൈന മതക്കാരുടെ ദൈവത്തിന് ബാങ്കിന്റെ നോട്ടീസ്. ജൈന മത വിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തിയായ ഭഗവാന്‍ മഹാവീറിന്റെ പാന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബാങ്ക് മഹാവീറിനെ ആരാധിക്കുന്ന ക്ഷേത്രത്തിലേക്ക് നോട്ടീസ് അയച്ചതാണ് വിവാദമായത്.
ശിവപുരി ജില്ലയിലുള്ള മധ്യാഞ്ചല്‍ ഗ്രാമീണ്‍ എന്ന ബാങ്കാണ് ദൈവത്തിന് നോട്ടീസ് അയച്ച് പുലിവാലു പിടിച്ചത്. ഭഗവാന്‍ മഹാവീര്‍ ദിഗമ്പര്‍ മന്ദിര്‍ എന്നപേരില്‍ പ്രദേശത്തെ ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രത്തിന്റെ പേരില്‍ ഈ അക്കൗണ്ട് ബാങ്കില്‍ ആരംഭിച്ചത്. എന്നാല്‍ ആദ്യമായാണ് അക്കൗണ്ടിലേക്ക് 10,000 രൂപ വാര്‍ഷിക പലിശ ലഭിക്കുന്നത്.
അക്കൗണ്ടിലെ തുക വര്‍ധിച്ചതോടെയാണ് പാന്‍കാര്‍ഡ് ഹാജരാക്കണമെന്നും അല്ലെങ്കില്‍ അക്കൗണ്ടില്‍നിന്നും നല്ലൊരു തുക ഈടാക്കുമെന്നു കാണിച്ച് ബാങ്ക് നോട്ടീസ് പുറപ്പെടുവിച്ചത്. മഹാവീറിന്റെ പേരിലാണ് നോട്ടീസ്. തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബാങ്കിലെത്തി തന്റെ പാന്‍കാര്‍ഡ് നല്‍കാമെന്ന് അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ ബാങ്ക് തയ്യാറായില്ല.
ബാങ്ക് അക്കൗണ്ട് ആരുടെ പേരിലാണോ, അയാളുടെ പാന്‍കാര്‍ഡ് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്നും അതിനാല്‍ മഹാവീറിന്റെ പാന്‍കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ നികുതി ഇനത്തില്‍ നല്ലൊരു തുക ഈടാക്കുമെന്നുമുള്ള കര്‍ശന നിലപാടിലാണ് ബാങ്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല