സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രാജാമണി ചെന്നൈയില്‍ അന്തരിച്ചു. 60 വയസായിരുന്നു ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് രാജാമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
11 ഭാഷകളിലായി 700 ല്‍ പരം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150 ഓളം ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗാനമേളകളില്‍ മ്യൂസിക് കണ്ടക്ടറായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കവി ഒഎന്‍വിയുടെ വരികള്‍ക്കാണ് ഏറ്റവും ഒടുവില്‍ ഈണമിട്ടത്.
പ്രമുഖ സംഗീത സംവിധായകനായ ബി.എ ചിദംബരനാഥിന്റെ മകനായ രാജാമണി പിതാവില്‍ നിന്നു തന്നെയാണ് സംഗീത പഠനം തുടങ്ങിയത്. 1969 ല്‍, ചിദംബരനാഥ് തന്നെ സംഗീതം നല്‍കിയ ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചാണ് ചലച്ചിത്രലോകത്തേക്ക് വരുന്നത്.
പിന്നീട് സംവിധായകന്‍ ജോണ്‍സണുമായുള്ള പരിചയം രാജാമണിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. കൂട്ടില്‍നിന്നും (താളവട്ടം), മഞ്ഞിന്‍ ചിറകുള്ള (സ്വഗതം), നന്ദ കിഷോരാ (ഏകലവ്യന്‍), ജപമായ് (പുന്നാരം), മഞ്ഞുകൂട്ടികള്‍ ( വെല്‍കം ടു കൊടൈക്കനാല്‍) തുടങ്ങിയ ശ്രദ്ദേയമായ ഗാനങ്ങള്‍ രാജാമണിയുടേതാണ്.
ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 1997 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു തെലുഗു ചിത്രത്തിന് കലാസാഗര്‍ പുരസ്‌കാരവും ലഭിച്ചു. ഗുല്‍മോഹര്‍ എന്ന മലയാള ചിത്രത്തില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്.
ബീനയാണ് ഭാര്യ.സംഗീത സംവിധായകനായ അച്ചുവും അഭിഭാഷകയായ ആദിത്യയും മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല