1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2016

സ്വന്തം ലേഖകന്‍: 251 രൂപക്ക് സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ കമ്പനി, തിക്കും തിരക്കും കാരണം വെബ്‌സൈറ്റ് പണിമുടക്കി. ഇന്നലെ മുതല്‍ സൈറ്റിലെത്തി ഫോണ്‍് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു കഴിയുന്നില്ലെന്നും പകരം സൈറ്റില്‍ ഒരു സന്ദേശം കിട്ടുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

തിരക്ക് കൂടിയത് മൂലം സൈറ്റ് കേടായതായും 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചെലവു ചുര്‍ക്കലിന്റെ ഭാഗമായി കടകളിലോ,മറ്റ് വെബ്‌സൈറ്റുകളിലോ ഫോണ്‍ വില്പനക്ക് വച്ചിട്ടില്ല. 251 രൂപക്ക് ഫോണ്‍ ഇന്നലെ രാവിലെ മുതല്‍ ബുക്കിംഗ് തുടങ്ങുമെന്നാണ് നേരത്തേ കമ്പനി നല്‍കിയ വിവരം. ഇത് 21 ന് രാത്രി എട്ടു വരെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പരസ്യം നല്‍കിയിരുന്നു.

ഇന്നലെ രാവിലെ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്യാന്‍ കയറിയവര്‍ക്ക് സര്‍വര്‍ ഓവര്‍ലോഡ് ആകുന്നു എന്ന വിവരമാണ് കിട്ടിയത്. സെക്കന്റില്‍ ആറ് ലക്ഷത്തിലധികം ആള്‍ക്കാര്‍ സൈറ്റില്‍ കയറിയതിനാല്‍ സൈറ്റ് ഓവര്‍ലോഡ് ആയെന്നും 24 മണിക്കൂറിനുള്ളില്‍ സേവനം പുനരാരംഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ഇന്ത്യന്‍ കമ്പനിയായ റിങ്ങിങ് ബെല്‍സാണ് വെറും 251 രൂപ നിരക്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ ചുവടു പിടിച്ച് പാവപ്പെട്ടവരിലേക്കും സാധാരണക്കാരിലേക്കും അത്യാധുനിക സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയാണ് തങ്ങളെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4 ഇഞ്ച് ഡിസ്‌പ്ലേ, 1.3 ജിഗാഹെഴ്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 3.2 മെഗാ പിക്‌സല്‍ ബാക് ക്യാമറ, 0.3 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണു പുതിയ ഫോണിന്റെ പ്രത്യേകതകള്‍. വുമന്‍ സേഫ്റ്റി, സ്വഛ്ഭാരത്, വാട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകളോടെയാണു ഫ്രീഡം 251 ഫോണ്‍ പുറത്തിറക്കുന്നത്.

അതേസമയം ഇതൊരു തട്ടിപ്പു പ്രസ്ഥാനമാണെന്ന ആരോപണവുമായി വിമര്‍ശകരും രംഗത്തെത്തി. ചൈനീസ് ഫോണ്‍ മേക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ രംഗത്തിറക്കുകയാണെന്നും ബുക്ക് ചെയ്യുന്നവര്‍ക്ക് നാലു മാസത്തിനുള്ളില്‍ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.