1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ: ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ ഫെബ്രുവരി 23 നു ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതാണ്.യു കെ യില്‍ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ പൊങ്കാല ആഘോഷം ഇത് ഒമ്പതാം തവണയാണ് തുടര്‍ച്ചയായി ആഘോഷിക്കപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിന് ബോണ്‍ ( ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക്) ആണ് നേതൃത്വം നല്‍കുക.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.2015 ല്‍ 75 ലക്ഷത്തോളം ദേവീ ഭക്തകള്‍ ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കണ്ണകി ദേവിക്ക് പൊങ്കാലയിട്ടിരുന്നു വെന്നത് പൊങ്കാല ആഘോഷത്തിന് സ്ത്രീകള്‍ക്കിടയിലുള്ള ഭക്തിയും ആവേശവും പ്രത്യേകം എടുത്തു കാണിക്കുന്നു.

അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നേര്‍ച്ച വസ്തുക്കള്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തില്‍ ആചരിക്കുന്നത്.ദേവീ ഭക്തര്‍ കൊണ്ടുവരുന്ന കാഴ്ച്ച ദ്രവ്യങ്ങള്‍ ഒരു പാത്രത്തിലാക്കി വേവിക്കുവാന്‍ തന്ത്രി അടുപ്പില്‍ തീ പകരും.സുരക്ഷാ നിയമത്തിന്റെ ഭാഗമായിട്ടാണ് ലണ്ടനില്‍ ഒറ്റ പാത്രത്തില്‍ പൊങ്കാല ഇടുന്നത്. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണ് പൊങ്കാല പതിവായി ഇടുന്നത്.അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുക.

ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, സാമൂഹ്യ പ്രവര്‍ത്തകയും,പ്രമുഖ എഴുത്തുകാരിയുമായ ഡോ.ഓമന ഗംഗാധരന്‍ ആണ് ആഘോഷത്തിനു തുടക്കം കുറിക്കുകയും നാളിതുവരെ വിജയകരമായി നേതൃത്വം നല്‍കി പോരുന്നതും.കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി ഡോ.ഓമന അറിയിച്ചു.യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നും ധാരാളം ഭക്തര്‍ പൊങ്കാലയിടുവാനായി ഒത്തു കൂടാറുണ്ട്. രാവിലെ ഒമ്പത് മണിക്ക് തന്നെ കൃത്യമായി ആചാര ചടങ്ങുകള്‍ ആരംഭിക്കുന്നതായിരിക്കും.

വര്‍ഷങ്ങളായി ലണ്ടനിലെ പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നന്മയുടെ ശീലവും ഈ ആഘോഷത്തെ ശ്രദ്ധേയമാക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോ.ഓമന 07766822360

Sri Murugan Temple,78 Church Road,Manor Park,East Ham,E12 6AF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.