സ്വന്തം ലേഖകന്‍: ഉംബെര്‍ട്ടോ എക്കോയും നെല്ലെ ഹാര്‍പ്പര്‍ ലീയും, ലോക സാഹിത്യത്തിലെ രണ്ട് അതികായര്‍ അടുത്തടുത്ത ദിവസങ്ങളില്‍ അന്തരിച്ചത് ലോക സാഹിത്യത്തിന് തീരാനഷ്ടമായി. പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ വടക്കന്‍ ഇറ്റലിയിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. 84 വയസുണ്ടായിരുന്ന എക്കോ നാളുകളായി കാന്‍സര്‍ രോഗബാധിതനായിരുന്നു.
നെയിം ഓഫ് ദ റോസ്, ഫുക്കോയുടെ പെന്‍ഡുലം, ദി ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍ എന്നിവയാണ് എക്കോയുടെ പ്രധാന കൃതികള്‍. ഏതാനും നാളുകള്‍ക്കു മുമ്പ് വരെ സാഹിത്യരംഗത്ത് സജീവമായിരുന്ന എക്കോ, ബാലസാഹിത്യത്തിലും നിരൂപണത്തിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ചിഹ്നശാസ്ത്രത്തില്‍ അവസാന വാക്കുകളിലൊന്നായി കരുതപ്പെടുന്ന എക്കോ ഈ വിഷയത്തില്‍ 1968ല്‍ എഴുതിയ പുസ്തകം പിന്നീട് 1976ല്‍, എ തിയറി ഓഫ് സെമിയോട്ടിക്സ് എന്ന പേരില്‍ പേരില്‍ പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയില്‍ പ്രതീകശാസ്ത്രത്തിന്റെ ആദ്യത്തെ പ്രഫസര്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റായ നെല്ലെ ഹാര്‍പര്‍ ലീ വംശീയതയെ കേന്ദ്രപ്രമേയമാക്കി രചിച്ച ടു കില്‍ എ മോക്കിങ് ബേഡ് എന്ന നോവല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടുന്നതോടെയാണ് ലോക ശ്രദ്ധയിലേക്ക് വരുന്നത്. നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം മൂന്നു കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.
2007 ല്‍ ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു 89 കാരിയായ ലീ. 1926 ഏപ്രില്‍ 28 ന് അലബാമയിലെ മോണ്‍റിവില്ലയിലാണ് നെല്ളെ ജനിച്ചത്. അലബാമ സര്‍വകലാശാലയിലെ പഠനത്തിനു ശേഷം 1949 ല്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയ അവര്‍ എയര്‍ലൈന്‍ റിസര്‍വേഷന്‍ ക്ലാര്‍ക്കായിരിക്കെയാണ് ‘ടു കില്‍ എ മോക്കിങ് ബേഡ്’ രചിച്ചത്. ഇതിന്റെ ചലച്ചിത്ര രൂപവും വന്‍ വിജയം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല