സ്വന്തം ലേഖകന്‍: വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ്, പരാതികള്‍ പഠിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് സംസ്ഥാനം സന്ദര്‍ശിക്കും. വിദേശത്തേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റില്‍ വന്ന മാറ്റങ്ങള്‍ മൂലമുള്ള പ്രശ്നങ്ങളും പരാതികളും പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിനെ വൈകാതെ കേരളത്തിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഴ്സുമാരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളുമായി ആശയവിനിമയം നടത്തി ഉടനടി വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റും നിയമന നടപടികളും മാസങ്ങളായി തടസ്സപ്പെട്ട വിഷയം വീണ്ടും ശ്രദ്ധയില്‍പെടുത്താനായി സുഷമ സ്വരാജിനെ മുഖ്യമന്ത്രി കണ്ടിരുന്നു. റിക്രൂട്ട്മെന്റിലെ തെറ്റായ പ്രവണതകള്‍ മുന്‍നിര്‍ത്തി കേന്ദ്രം നിയന്ത്രണം കൊണ്ടു വന്നതിന്റെ ഉദ്ദേശ്യശുദ്ധി സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ തീരുമാനിച്ചത് ഫലപ്രദമായിട്ടില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ കിട്ടുന്നതായി കേന്ദ്രമന്ത്രിയെ അറിയിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നഴ്സുമാരുടെ നിയമനം സ്വകാര്യ ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയതിനു ശേഷമുള്ള ആശയക്കുഴപ്പം ഒട്ടേറെ ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല