1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2016

സ്വന്തം ലേഖകന്‍: തായ്‌ലന്റ രാജകുമാരിയുടെ സന്ദര്‍ശനം പ്രമാണിച്ച് കമ്പോഡിയ നിര്‍മ്മിച്ചത് 40,000 ഡോളര്‍ പൊടിച്ച കുളിമുറി. രാജകുമാരിയുടെ ത്രിദിന സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കമ്പോഡിയ സര്‍ക്കാര്‍ ഈ ധൂര്‍ത്ത് നടത്തിയത്. രാജകുമാരി മഹാചാക്രി സിരിന്ധോണിന്റെ സന്ദര്‍ശനത്തിലെ ആദ്യ ദിനം ചെലവഴിക്കുന്ന രത്തനാകിരി പ്രവിശ്യയിലെ യീക് ലോം തടാക കരയിലാണ് ഈ കുളിമുറി.

ഇതിനൊപ്പം താമസിക്കാന്‍ പൂര്‍ണ്ണമായും എയര്‍ കണ്ടീഷണര്‍ ചെയ്ത ഒരു ഔട്ട്ഹൗസും പണിതിട്ടുണ്ട്. വെള്ളിപൂശിയ അഴികളും വെള്ള പൂശിയ പടിക്കെട്ടുകളും വെള്ള ടൈലുകള്‍ പാകിയ മേല്‍ക്കൂരയും വരുന്ന എട്ട് മീറ്റര്‍ കെട്ടിടം പണിയുന്നത് തായ് കെട്ടിട നിര്‍മ്മാതാക്കളായ എസ് സി ജി ആയിരുന്നു. 19 ദിവസം മുമ്പ് പണി പൂര്‍ത്തിയായി.

തടാകക്കരയില്‍ കേവലം ഒരു രാത്രിക്ക് വേണ്ടി മാത്രമാണ് ഇത്രയും വലിയ തയ്യാറെടുപ്പ്. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഇത് പൊളിച്ചുമാറ്റുകയും ചെയ്യും. ഏകദേശം 40,000 ഡോളര്‍ ചെലവാക്കിയ ഈ ശൗചാലത്തിന്റെ പണികള്‍ക്കായി എല്ലാ വസ്തുക്കളും ബാങ്കോക്കില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

അതേസമയം ദാരിദ്രം കൊണ്ട് വലയുന്ന കര്‍ഷകരും തൊഴിലാളികളും തിങ്ങിനിറഞ്ഞ് കമ്പോഡിയയിലെ ഈ പ്രവിശ്യയില്‍ ഇത്രയും പണം പൊടിച്ചത് വന്‍ വിവാദമായിട്ടുണ്ട്. മേഖലയിലെ സാധാരണ നിലവാരമുള്ള ശൗചാലയങ്ങളേക്കാള്‍ 130 മടങ്ങ് ചെലവാണ് ഈ ശൗചാലയത്തിന് വന്നതെന്ന് കമ്പോഡിയന്‍ ഉള്‍നാടന്‍ വികസന വിഭാഗം പറയുന്നു.

ആയിരമോ രണ്ടായിരമോ ഡോളര്‍ ചെലവാക്കി ഒരു നല്ല ശൗചാലയം നിര്‍മ്മിച്ച ശേഷം ബാക്കി തുക ഈ മേഖലയിലെ ജനങ്ങളുടെ വികസനത്തിന് വിനിയോഗിക്കണമായിരുന്നു എന്നാണ് വിമര്‍ശകരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.