സ്വന്തം ലേഖകന്‍: യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണന്, പേര് കേശാരോ കൃഷ്ണ, ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ പുസ്തകം വിവാദമാകുന്നു. ആര്.എസ്.എസ് സ്ഥാപകനായ വി.ഡി സവര്‍ക്കറിന്റെ സഹോദരന് ഗണേഷ് ദാമോദര്‍ സവര്‍ക്കറുടെ പുസ്തകത്തിലാണ് യേശുക്രിസ്തു തമിഴ് വിശ്വകര്‍മ ബ്രാഹ്മണനും പരമശീവന്റെ ആരാധകനുമായിരുന്നു എന്ന് അവകാശപ്പെടുന്നത്.
1946 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സവര്‍ക്കറുടെ പിന്‍ഗാമികള്‍. ക്രൈസ്റ്റ് പരിചൈ എന്ന പേരില്‍ എഴുതിയ പുസ്തകത്തിലാണ് ക്രിസ്തു വിശ്വകര്‍മ ബ്രാഹ്മണനായിരുന്നുവെന്നും ക്രിസ്തുമതം ഹിന്ദുയിസത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും പറയുന്നത്.
മറാത്തി ഭാഷയില്‍ എഴുതിയ പുസ്തകം സ്വതന്ത്രവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് എന്ന സംഘടനയാണ് വീണ്ടും വിപണിയിലിറക്കുന്നത്. യേശുക്രിസ്തു തമിഴ് ഹിന്ദുവാണെന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജന്മസ്ഥലം എവിടെയാണെന്ന് വ്യക്തമാക്കുന്നില്ല. ഇന്നത്തെ പാലസ്തീനും അറബ് നാടുകളും ഹൈന്ദവ പ്രദേശങ്ങളായിരുന്നെന്നും ക്രിസ്തു അവിടെ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തുവെന്നും പുസ്തകത്തില്‍ പറയുന്നു.
ക്രിസ്തു തമിഴ് ബ്രാഹ്മണാണെന്ന് സ്ഥാപിക്കാന്‍ പുസ്തകം നിരത്തുന്ന കാര്യങ്ങള്‍ ഇവ: ക്രിസ്തുവിന്റെ യഥാര്‍ത്ഥ പേര് കെശാരോ കൃഷ്ണ എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതൃഭാഷ തമിഴും നിറം കറുപ്പുമായിരുന്നു. ക്രിസ്തു പന്ത്രണ്ടാം വയസില്‍ ബ്രാഹ്മണാചാര പ്രകാരം ഉപനയനം ചെയ്തിട്ടുണ്ട്.
ക്രിസ്തുവിന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ക്രിസ്തു അവസാനകാലം ചെലവഴിച്ചത് ഹിമാലയത്തിലാണെന്നും പുസ്തകം അവകാശപ്പെടുന്നു. ക്രിസ്തു കശ്മീരില്‍ ആശ്രമം സ്ഥാപിച്ച് ശിവനെ ആരാധിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. യോഗയും പച്ചമരുന്നുകളും ഉപയോഗിച്ച് കുരിശമരണത്തെ അതിജീവിച്ച യേശൂ 49 മത്തെ വയസിലാണ് സമാധിയായത് എന്നും പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല