സ്വന്തം ലേഖകന്‍: ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബല്‍ജിയത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്.
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളും സിറിയയില്‍ നിന്നുള്ള ക്രൈസ്തവരും ഉള്‍പ്പെടെ നൂറോളം പേര് തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ ധരിക്കാറുള്ള തട്ടമിട്ട് നടന്നില്ല എന്നാരോപിച്ച് ക്യാമ്പിലെ ഒരു യുവതിക്ക് നേരെ അഫ്ഗാനികളായ നാലു പേര് ആക്രമണ ശ്രമം നടത്തിയതും സിറിയക്കാര്‍ അതിനെ പ്രതിരോധിച്ചതുമായിരുന്നു കലാപത്തിന് തുടക്കമിട്ടത്.
ക്യാമ്പിലെ ഒരു സിറിയന്‍ മുസ്ലീം യുവതിയോട് തട്ടമിട്ട് നടക്കാന്‍ അഫ്ഗാന് യുവാക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് അഫ്ഗാന് യുവാക്കള്‍ പെണ്‍കുട്ടിക്ക് ബലപ്രയോഗത്തിനു തുനിഞ്ഞപ്പോള്‍ സിറിയക്കാര്‍ പെണ്‍കുട്ടിയെ ന്യായീകരിച്ച് രംഗത്ത് വരികയായിരുന്നു.
തുടര്‍ന്ന് ഇറാഖികളും അഫ്ഗാന്കാര്ക്കൊപ്പം കൂടി. തര്‍ക്കം പിന്നീട് സംഘര്‍ഷമായി വളര്‍ന്ന് നൂറിലധികം പേര് കയ്യില്‍ കിട്ടിയ തടിക്കഷ്ണവും കസേരയും ഇഷ്ടികയുമൊക്കെ എടുത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഭയാര്‍ഥി പ്രശ്നം കാരണം വലയുന്ന ബല്‍ജിയത്തിന് പുതിയ പ്രശ്നം കൂനിമേല്‍ കുരുവെന്ന പോലെ തലവേദയായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല