സ്വന്തം ലേഖകന്‍: സമുദ്ര നിരപ്പ് അപകടമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സമുദ്ര നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കി.
ഈ നൂറ്റാണ്ടില്‍ 14 സെന്റിമീറ്റര്‍ ഉയര്‍ച്ചയാണ് സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 2700 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. വാഷിങ്ടണിലെ റൂട്ട്ജേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എര്‍ത്ത് ആന്‍ഡ് പ്ളാനറ്ററി സയന്‍സിലെ അസോസിയറ്റ് പ്രഫസര്‍ റോബര്‍ട്ട് കോപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍.
ആഗോളതാപനത്തിന്റെ ഫലമായി ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുക്കം ക്രമാതീതമായി വര്‍ധിച്ചതോടെയാണ് സമുദ്രനിരപ്പ് വര്‍ധിച്ചതെന്ന് പഠനം പറയുന്നു. ഒന്നാം നൂറ്റാണ്ടിനും 14 ആം നൂറ്റാണ്ടിനുമിടയില്‍ ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞെന്നും ഇതിന്റെ ഫലമായി സമുദ്ര നിരപ്പില്‍ എട്ട് സെന്റിമീറ്റര്‍ കുറവ് വന്നെന്നും 19 ആം നൂറ്റാണ്ടിനെ അപേക്ഷിച്ച് ആഗോള താപനില കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നെന്നും പഠനത്തില്‍ പറയുന്നു.
ഇപ്പോഴത്തെ നിരക്കില്‍ താപനിലയും സമുദ്ര നിരപ്പും ഉയരുകയാണെങ്കില്‍ ലോകത്തിലെ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല