സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍. ഈജിപ്തിന്റെ പ്രസിഡന്റായ അബ്ദുള്‍ ഫത്താഹ് അല്‍സീസിയാണ് പ്രമുഖ ഇകൊമേഴ്സ് വെബ്സൈറ്റായ ‘ഇബേ’യില്‍ വില്പന വസ്തുബായി പ്രത്യക്ഷപ്പെട്ടത്. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തു.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്ദെല് ഫത്താഹ് നടത്തിയ പ്രസംഗമാണ് പരസ്യം നല്‍കിയയാളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിന് ജനങ്ങളോട് സംഭാവന നല്‍കാനായിരുന്നു അബ്ദെല് ഫത്താഹിന്റെ ആഹ്വാനം. കൂടാതെ നിരവധി വികസന പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ‘തന്നെ വിറ്റാല്‍ ഇതൊക്കെ നടക്കുമെങ്കില്‍ താന്‍ അതിനും തയ്യാറാണ്’ എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.
അബ്ദെല് ഫത്താഹിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു ഈബേ ഉപയോക്താവ് പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന പരസ്യം വെബ്സൈറ്റില്‍ നല്‍കിയത്. ‘ചിരിക്കുന്ന അബ്ദെല് ഫത്താഹിന്റെ ചിത്രത്തിനൊപ്പം, ഈബേയില്‍ വില്‍പ്പനയ്ക്ക്, ഫീല്‍ഡ് മാര്‍ഷല്‍, സൈന്യത്തിലെ സേവന പശ്ചാത്തലവും ഫിലോസഫിയില്‍ ഡോക്ടറേറ്റും, നല്ല നിലവാരം, വില 1,00,301 ഡോളര്‍’ എന്നുരു വിവരണവും പരസ്യത്തിനൊപ്പം നല്‍കിയിട്ടുണ്ട്. പരസ്യം വൈറലായതോടെ നിരവധി പേര് പ്രസിഡന്റിനെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല