1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2016

സ്വന്തം ലേഖകന്‍: ഇറാനിലെ അഞ്ചു കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മത്സരം പുരോഗമന വാദികളും പാരമ്പര്യ വാദികളും തമ്മില്‍. യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള കക്ഷികള്‍ മാറ്റുരുക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്‌കരണവാദികളായ അലി മുതഹ്ഹരിയും മുഹമ്മദ് റസയും പാര്‍ലമെന്റ് ടിക്കറ്റിനായി മത്സരരംഗത്തുണ്ട്.

ഹസന്‍ റൂഹാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമൊരുങ്ങുമെന്നാണ് പരിഷ്‌കരണവാദികളുടെ വാദം. ഇറാനെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റാന്‍ ശ്രമം നടത്തിയ റൂഹാനിക്ക് വോട്ട് ചെയ്യണമെന്ന് ശക്തമായ പ്രചാരണവും നടക്കുന്നുണ്ട്.

ഇറാനില്‍ നിലവിലുള്ള പാര്‍ലമെന്റില്‍ പാരമ്പര്യവാദികള്‍ക്കാണ് മേധാവിത്വം. പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. 586 വനിതകളുള്‍പ്പെടെ 12,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 49 ശതമാനം വനിതകളാണ്.

290 അംഗ പാര്‍ലമെന്റില്‍ 285 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി അഞ്ച് സീറ്റ് വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 196 മണ്ഡലങ്ങളില്‍ നിന്നാണ് 285 സീറ്റിലേക്കുള്ള മത്സരം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.