സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 115 വോട്ടുകള്‍ നേടിയാണ് സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള ഇന്‍ഫന്റിനോ പ്രസിഡന്റായത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു.
88 വോട്ട് നേടിയ ബഹ്റൈനില്‍ നിന്നുള്ള ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ രണ്ടാം സ്ഥാനത്തെത്തി. മൊത്തം 207 വോട്ടുകളാണ് പോള്‍ ചെയ്യാനുണ്ടായിരുന്നത്. അതിനിടെ സ്ഥാനാര്‍ഥികളില്‍ ഒരാളായ ടോക്യോ സെക്സ്വലെ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
സ്റ്റിറ്റ്സര്ലന്ഡില് നിന്നുള്ള ഫുട്ബാള്‍ ഭരണാധികാരിയായ ജാനി ഇന്‍ഫന്റിനോ 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 45 കാരനായ ജാനിക്ക് യുവേഫയുടെ പിന്തുണയുണ്ട്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ പ്രിന്‍സ് അലി ഹുസൈന് നാല് വോട്ട് ലഭിച്ചപ്പോള്‍ ജെറോം ഷാംപെയ്ന്‍ വോട്ടൊന്നും ലഭിച്ചില്ല. എഷ്യയുടെയും ആഫ്രിക്കയുടെയും പിന്തുണയുണ്ടായിരുന്ന ശൈഖ് സല്‍മാനായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍തൂക്കമുണ്ടായിരുന്നത്.
138 വോട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ വേണ്ടിയിരുന്നത്. ഇത്രയും വോട്ട് ആര്‍ക്കും ലഭിക്കാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ മൊത്തം വോട്ടിന്റെ 50 ശതമാനമായ 104 വോട്ടുകള്‍ നേടിയാല്‍ മതിയായിരുന്നു ഇന്ഫന്റിനോക്ക് ജയിക്കാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല