സ്വന്തം ലേഖകന്‍: സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര യുദ്ധത്തിന്റെ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സിറിയന്‍ ജനത സമാധാനം എന്തെന്നറിയുന്നത്. കരാര്‍ അനുസരിച്ച് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ആക്രമണം അവസാനിപ്പിച്ചു. എങ്കിലും ചെറിയ റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2015 സെപ്തംബര്‍ മുതലാണ് റഷ്യ ബശ്ശാര്‍ സര്‍ക്കാരിനു പിന്തുണയുമായി സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ റഷ്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യം ശാന്തമാണെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു.
ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന അലപ്പോയും കിഴക്കന്‍ ഗൗതയും നിശ്ശബ്ദമാണിപ്പോള്‍. അതേസമയം, തലസ്ഥാനനഗരിയില്‍ ആക്രമണം നടന്നതായി സര്‍ക്കാര്‍ ടെലിവിഷനുകള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. യു.എസ്‌റഷ്യ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വിമതരും ആക്രമണങ്ങളില്‍നിന്ന് പിന്മാറിയിട്ടുണ്ട്.
ഐ.എസും നുസ്‌റ ഫ്രന്റും വെടിനിര്‍ത്തലിന്റെ ഭാഗമായിട്ടില്ല. ചിലയിടങ്ങളില്‍ കരാര്‍ലംഘനം നടക്കുന്നുണ്ടെന്ന് യു.എന്‍ അംബാസഡര്‍ സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. അഞ്ചു വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ അഞ്ചു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിനു പേര്‍ അഭയാര്‍ഥികളായി പലായനം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല