1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ (ന്യുഹാം): ലണ്ടനില്‍ ഒമ്പതാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍ നിന്നും മേല്‍ശാന്തി പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ( ബോണ്‍ ) ചെയറും മുഖ്യ സംഘാടകയുമായ ഡോ ഓമന ഗംഗാധരന് നല്‍കിക്കൊണ്ട് പൊങ്കാലക്ക് ആവേശമായ നാന്ദി കുറിച്ചു. ഈസ്റ്റ്ഹാം മുന്‍ എം.പി യും മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് , മുതിര്‍ന്ന മലയാള ചലച്ചിത്ര താരം ജയഭാരതി എന്നിവരുടെ സാന്നിദ്ധ്യം ലണ്ടനിലെ പൊങ്കാല സമര്‍പ്പണത്തില്‍ ശ്രദ്ദേയമായി.

ക്ഷേത്ര ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തിയ പരശതം ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കി.പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയ ഉള്ളിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഠത്തിലെത്തിച്ചത്.

ദേവീ ഭക്തര്‍ നിവേദ്യമായി കൊണ്ടുവന്ന നിവേദ്യങ്ങള്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വെവ്വേറെ പാത്രങ്ങളിലല്ലാതെ ഒറ്റ പാത്രത്തില്‍ തയ്യാറാക്കുന്നതാണ് ലണ്ടനിലെ അനുഷ്ടാനത്തെ വ്യത്യസ്തമാക്കുന്നത്. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലും പൊങ്കാല അര്‍പ്പിച്ചു പോരുന്നത്.

ഡോ ഓമന ഗംഗാധരന്‍ തുടര്‍ന്ന് പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു. വിശാലമായ ശ്രീകോവിലിലെ പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ടത്തിലാണ് യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകമായതിനു ശേഷം ദേവീ ഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ടപ്പുറ്റ്(രോഗശാന്തിക്കായുള്ള നേര്‍ച്ച) വെള്ളച്ചോര്‍,തെരളി, പാല്‍പ്പായസം എന്നിവയാണ് പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി വിതരണം ചെയ്തത്. വിഭവ സമൃദ്ധമായ കേരള നാടന്‍ സദ്യയും ഉണ്ടായിരുന്നു.

ലണ്ടനിലെ ഈ പൊങ്കാല സമര്‍പ്പണം ലോക സമാധാനത്തിനും, സ്ത്രീ ശാക്തീകരണത്തിനും അനുഗ്രഹം ആകട്ടെ എന്ന് സ്റ്റീഫന്‍ ടിംസ് ആശംശിച്ചു.

ലണ്ടനിലെ ഈ പൊങ്കാല ആചരണം നാടിന്റെ നന്മക്കായി ഫലവക്താകട്ടെ എന്ന് ഡോ ഓമന ഗംഗാധരന്‍ ആശംശിച്ചു. തുടര്‍ന്ന് പുണ്യ യാഗം വിജയിപ്പിച്ച സംഘാടകരായ ‘ബോണ്‍’ മെംബര്‍മാര്‍ക്കും, പങ്കാളികളായ എല്ലാ ദേവീ ഭക്തര്‍ക്കും നന്ദിയും നന്മകളും നേര്‍ന്നു.

ജാതി മത ഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന മുന്നൂറോളം ദേവീ ഭക്തര്‍ക്ക് കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും തുടര്‍ന്ന് വിളമ്പി.ദേവീ പ്രീതിക്കായി യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ദേവീ ഭക്തര്‍ക്കൊപ്പം വെയില്‍സ്,സ്‌ക്കോട് ലണ്ട് തുടങ്ങി ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ധാരാളം സ്ത്രീകള്‍ പൊങ്കാലയില്‍ ഭാഗഭാക്കായിരുന്നു.

അടുത്ത വര്‍ഷം നടത്തുന്ന പത്താമത് വാര്‍ഷികം ഏറെ വിപുലമായി ആഘോഷിക്കുവാനുള്ള ഉറച്ച തീരുമാനവുമായാണ് ബോണ്‍ കുടുംബാംഗങ്ങള്‍ പിരിഞ്ഞത്. സ്വയം പ്രോപ്പര്‍ട്ടീസ്, ഉദയ റെസ്റ്റൊരന്റ്‌റ്, സീലന്‍സ് സൂപ്പര്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉദാരമായ സഹകരണം ആഘോഷത്തിന് പ്രോത്സാഹനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.