1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: ഓസ്‌കറില്‍ മാഡ് മാക്‌സിന്റെ തേരോട്ടം, മികച്ച നടനായി ഡികാപ്രിയോ. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഡികാപ്രിയോ മികച്ച നടനുള്ള ഓസ്‌കര്‍ ദി റെവനന്റിലൂടെ സ്വന്തമാക്കിയത്. ദി റെവനന്റിന്റെ സംവിധായകന്‍ അലജാന്ദ്രോ ഗോണ്‍സാലോ ഇനാറിറ്റുവാണ് മികച്ച സംവിധായകന്‍. കഴിഞ്ഞവര്‍ഷം ബേഡ്മാനിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഇനാറിറ്റുവിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഓസ്‌കറാണിത്.

ടോം മക്കാര്‍ത്തിയുടെ സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഇമ്മാനുവല്‍ ലുബെസ്‌കിയിലൂടെ ദി റെവനന്റ് സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം റൂം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബ്രൈ ലാര്‍സണ്‍ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഡാനിഷ് ഗേളിലൂടെ അലീസിയ വികാന്‍ഡര്‍ സ്വന്തമാക്കിയപ്പോള്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ബ്രിഡ്ജ് ഓഫ് സ്‌പൈ എന്ന ചിത്രത്തിലെ കെ.ജി.ബി. ചാരന്റെ വേഷമണിഞ്ഞ മാര്‍ക്ക് റൈലാന്‍സ് മികച്ച സഹനടനായി.

ജോര്‍ജ് മില്ലറുടെ ആക്ഷന്‍ മാമാങ്കം മാഡ് മാക്‌സ്: ഫ്യൂറി റോഡ് ആണ് സാങ്കേതിക വിഭാഗങ്ങളിലെ ആറു പുരസ്‌കാരങ്ങള്‍ തൂത്തുവാരി ഓസ്‌കറിലെ താരമായി. എഡിറ്റിങ്, പ്ര?ഡക്ഷന്‍ ഡിസൈന്‍, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ്, വേഷവിധാനം, ചമയം, കേശാലങ്കാരം എന്നീ പുരസ്‌കാരങ്ങളാണ് മാഡ് മാക്‌സ്: ഫ്യൂറി റോഡ് സ്വന്തമാക്കിയത്.

200708 ലെ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചു പറഞ്ഞ ബിഗ് ഷോട്ട് അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ സ്‌പോട്‌ലൈറ്റ് യഥാര്‍ഥ തിരക്കഥക്കുള്ള ഓസ്‌കര്‍ നേടി. വംശഹത്യയുടെ കഥ പറയുന്ന ഹംഗേറിയന്‍ ചിത്രം സണ്‍ ഓഫ് സോളാണ് വിദേശഭാഷാ ചിത്രം. മികച്ച ഡോക്യുമെന്ററി ഇന്തോബ്രിട്ടീഷ് സംവിധായകനായ ആസിഫ് കപാഡിയയുടെ ആമി നേടിയപ്പോള്‍ മികച്ച മൗലിക ഗാനത്തിന് ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ റൈറ്റിങ്‌സ് ഓണ്‍ ദി വോള്‍ അര്‍ഹമായി.

പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നില്ലെങ്കിലും വേദിയില്‍ ഇന്ത്യന്‍ സൗന്ദര്യമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.