1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2016

സ്വന്തം ലേഖകന്‍: പ്രശസ്ത ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹം അലഞ്ഞു തിരിയുന്ന പ്രേതകപ്പലില്‍ കണ്ടെത്തി. മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോരത് എന്ന ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സയോ എന്ന മാന്‍ഫ്രഡിന്റെ കപ്പലില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം ഇരുന്നിരുന്നത്. മരണത്തിന് തൊട്ടുമുമ്പ് സഹായം തേടാന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ചെറു കപ്പലില്‍ ലോകം ചുറ്റുന്ന മാന്‍ഫ്രെഡ് മരിച്ചിട്ട് എത്ര നാളായെന്നോ മരണകാരണം എന്താണെന്നോ വ്യക്തമല്ല. ഈ കപ്പലിന് 2009 മുതല്‍ കരയുമായി ബന്ധമില്ലായിരുന്നു.

ഫോട്ടോ ആല്‍ബങ്ങളും വസ്ത്രങ്ങളും ടിന്‍ ഭക്ഷണവും കപ്പലിന്റെ കാബിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഫിലിപ്പീന്‍സ് തീരത്ത് നിന്ന് നാല്‍പ്പത് മൈല്‍ അകലെയാണ് പാതി മറിഞ്ഞ കപ്പല്‍ കണ്ടെത്തിയത്. പാതി ജീര്‍ണ്ണിച്ചെങ്കിലും വരണ്ടുണങ്ങിയ മൃതദേഹം മമ്മിയായ അവസ്ഥയിലാണ്. മാന്‍ഫ്രെഡ് പരിചയസമ്പന്നനായ നാവികനായിരുന്നുവെന്ന് അദ്ദേഹത്തെ പരിചയമുള്ള മറ്റ് നാവികര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ മരണ ശേഷമാകാം കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയതെന്നും മറ്റ് നാവികര്‍ പറയുന്നു.
മാന്‍ഫ്രെഡിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഭൂട്ടാന്‍ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയ നാവികര്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കപ്പല്‍ ബരോബോ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.