സ്വന്തം ലേഖകന്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ താരത്തിളക്കം, നടന്മാരായ ജഗദീഷും സിദ്ദിക്കും മത്സര രംഗത്തേക്ക്. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന് ജഗദീഷ് മത്സരിക്കും. നടന് സിദ്ദിഖിനെ കോണ്‍ഗ്രസ് നേതൃത്വം അരൂരിലേക്കു പരിഗണിക്കുന്നതായാണ് സൂചന.
അഭിമാന പോരാട്ടമായ പത്തനാപുരത്ത് ഗണേഷിന്റെ സിനിമാ ഗ്ലാമറിനെ നേരിടാന്‍ അതേ തലത്തിലുള്ള എതിരാളി വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ജില്ലാതല ഉപസമിതി നല്കിയ പട്ടികയില്‍ ജഗദീഷിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു.
ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ അരൂര്‍ സിദ്ദിഖിനെ മല്‍സരിപ്പിച്ച് തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ കെ.ആര്. ഗൗരിയമ്മയെ പരാജയപ്പെടുത്തിയ എ.എം. ആരിഫാണ് നിലവില്‍ അരൂര്‍ നിയമസഭാംഗം.
അവിടെ മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണു സൂചന. പത്തനാപുരത്ത് സ്ഥാനാര്‍ഥിത്വം ഏകദേശം ഉറപ്പായതോടെ ജഗദീഷ് അവിടെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്ത് ജഗദീഷിന്റെ പേര് കൊല്ലം സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല