സ്വന്തം ലേഖകന്‍: ലബനനിലെ ഹിസ്ബുല്ലയെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഹിസ്ബുല്ല വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് യുവാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് സഹകരണ കൌണ്‍സിലിന്റെ (ജിസിസി) നടപടി.
സിറിയയിലും യമനിലും ഇറാന് സഹായകമായ നിലപാടാണ് ഹിസ്ബുല്ല സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ പേരില്‍ നാലു കമ്പനികള്‍ക്കും മൂന്നു ലബനന്‍ പൌരന്മാര്‍ക്കും കഴിഞ്ഞദിവസം സൌദി വിലക്കേര്‍പ്പെടുത്തി.
ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല ഭീകരസംഘമാണെന്ന് വ്യക്തമാക്കി ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അല്‍ സയാനി പ്രസ്താവന ഇറക്കിയത്. ഫ്രാന്‍സില്‍നിന്ന് സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ലബനന്‍ സൈന്യത്തിനു നല്‍കിയ 300 കോടി ഡോളര്‍ സഹായം സൌദി കഴിഞ്ഞമാസം നിര്‍ത്തിയിരുന്നു.
സൌദിക്കെതിരെ അറബ്, അന്താരാഷ്ട്രവേദികളില്‍ ലബനന്‍ നടത്തിയ പരാമര്‍ശങ്ങളും ഇറാനിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ അപലപിക്കാതിരുന്നതും തീരുമാനത്തിനു കാരണമായി. സൌദി, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങള്‍ നേരത്തെ ഹിസ്ബുല്ലയെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു.
ഹിസ്ബുല്ലയുടെ നിലപാടുകള്‍ തീര്‍ത്തും അസ്വീകാര്യമാണെന്ന നിലപാടില്‍ കുവൈത്തും ഖത്തറും ഒമാനും എത്തി. ഇറാഖ്, സിറിയ, ലബനന്‍, യമന്‍ എന്നിവിടങ്ങളിലെ ഹിസ്ബുല്ലയുടെ ഇടപെടലുകള്‍ ഗള്‍ഫ് സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുമെന്നാണ് ജിസിസി രാജ്യങ്ങളുടെ ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല