സ്വന്തം ലേഖകന്‍: ചൈനയിലെ ശ്മശാനങ്ങളില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ക്കും രക്ഷയില്ല, ശവ മോഷണം പെരുകുന്നതായി റിപ്പോര്‍ട്ട്. അവിവാഹിതരായ യുവാക്കള്‍ക്ക് പ്രേത വധുവായി വില്‍പ്പന നടത്താനാണ് ഇങ്ങനെ മോഷ്ടിക്കുന്ന മൃതദേഹങ്ങള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
ചൈനയില്‍ നടക്കുന്ന പൈശാചികമായ ഒരു ആചാരമാണ് ഈ മൃതശരീര മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. അവിവാഹിതരായി തങ്ങളുടെ ആണ്‍മക്കള്‍ മരിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൈനയിലെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് മരണമടഞ്ഞ സ്ത്രീകളുടെ മൃതദേഹത്തിന് ആവശ്യമേറുന്നത്.
ആരെങ്കിലും അവിവാഹിതനായി മരിച്ചാല്‍ അവരുടെ ബന്ധുക്കള്‍ പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ മരണമടഞ്ഞ സ്ത്രീകളുടെ ശരീരം സ്വന്തമാക്കുന്നു. തുടര്‍ന്ന് ഈ ശരീരത്തെ ഒരു വധുവിനെപ്പോലെ അണിയിച്ചൊരുക്കുകയും മകന്റെ ശരീരത്തിനൊപ്പം കിടത്തി ദഹിപ്പിക്കുകയും ചെയ്യുന്നു. 1949 ല്‍ മാവോ സേതുങ് അധികാരത്തിലെത്തിയപ്പോള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
നഷ്ടപ്പെട്ട അമ്മയുടെ മൃതദേഹത്തിനുവേണ്ടി ഏറെ അലഞ്ഞതായി ഗുവോ കിവെന്‍ എന്ന യുവാവ് ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് കിവെന്റെ മാതാവിന്റെ മൃതദേഹം കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഇതുവരെ 50,000 യുവാന്‍ ചിലവായി. എന്നാല്‍ ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൃതശരീരം മോഷ്ടിക്കുന്നവര്‍ക്ക് ചൈനയില്‍ മൂന്നു വര്‍ഷം തടവാണ് ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല