സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനം കടലിനടിയില്‍ കണ്ടെത്തിയെന്ന അവകാശവാദം വീണ്ടും. രണ്ടു വര്‍ഷം മുമ്പ് 239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്നും യാത്ര തിരിച്ച ശേഷം അപ്രത്യക്ഷമായ വിമാനമാണ് കണ്ടെത്തിയതെന്ന അവകാശവാദവുമായി സാങ്കേതിക വിദഗ്ദ്ധന്‍ രംഗത്തെത്തിയത്.
വിമാനം ദക്ഷിണാഫ്രിക്കയില്‍ കടലിനടിയില്‍ ഉണ്ടെന്നും ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രത്തില്‍ വിമാനം കാണാമെന്നും അവകാശപ്പെടുന്നത് യുഎഫ്ഒ സൈറ്റിംഗ്‌സ് ഡെയ്‌ലിയുടെ എഡിറ്റര്‍ സ്‌ക്കോട്ട് വാരിംഗാണ്.
കാണാതായ എംഎച്ച് 370 വിമാനം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ കേന്ദ്രമാക്കി കടലിനടിയില്‍ കിടപ്പുണ്ടായിരിക്കാമെന്നും യാത്രക്കാരെല്ലാം രക്ഷപ്പെട്ടിരിക്കാമെന്നുമാണ് വാരിംഗ് പറയുന്നത്.
ഗൂഗിള്‍ ചിത്രത്തില്‍ നിഴലുപോലെ കാണപ്പെടുന്നത് വിമാനം ആയിരിക്കാമെന്നും കേപ് ടൗണില്‍ നിന്നും 1200 മൈല്‍ അകലെയായിരിക്കാം കിടക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. വിമാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് വാരിംഗും രംഗത്ത് വന്നിരിക്കുന്നത്.
വിമാനം കടലില്‍ വീണിരിക്കാമെന്ന നിരീക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 60,000 ചതുരശ്ര കിലോമീറ്ററിനകത്ത് നേരത്തേ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ എങ്ങുമെത്താത്ത അവസ്ഥയില്‍ 2015 ജൂണ്‍ 27 നായിരുന്നു സ്‌കോട്ട് വിമാനം പോലെ തോന്നുന്ന വസ്തു കടലിനടിയില്‍ കണ്ടു പിടിച്ചത്.
അതേസമയം വാരിംഗിന്റെ വാദത്തിന് കാര്യമായ പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ മൊസാംബിക്കില്‍ നിന്നും വിമാനത്തിന്റെ ചിറകുകളെന്ന് കരുതുന്ന ചില വസ്തുക്കള്‍ കിട്ടുകയും അത് അധികൃതര്‍ പരിശോധനയ്ക്ക് അയക്കുകയും ചെയിതിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല