സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള് പ്രവര്‍ത്തകരുടെ ആക്രമണം. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ മേഖലയായ. ഖമാര്ദിലുള്ള പള്ളിയിലായിരുന്നു ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ വിളയാട്ടം. ഞായറാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിന് ഇടയിലാണ് സംഭവം.
പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിയിലേക്ക് ഇരച്ചുകയറിയ 25 ഓളം വരുന്ന ബജ്രംഗദള് പ്രവര്‍ത്തകര്‍ കസേരകളും മേശകളും തകര്‍ക്കുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ പള്ളിയുടെ ഭിത്തിയില്‍ തൂക്കിയിരുന്ന ചിത്രങ്ങളും ബൈബിളും അക്രമികള്‍ അടിച്ചു തകര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
അക്രമികള്‍ തകര്‍ത്ത വാദ്യോപകരണങ്ങളും കസേരകളുമെല്ലാം പള്ളിക്ക് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. വിശ്വാസികള്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കാന്‍ ആക്രമികള്‍ ആക്രോശിച്ചതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
ആക്രമികളെ തടയാന്‍ ശ്രമിച്ച വിശ്വാസികള്‍ക്കും മര്‍ദനമേറ്റു. സംഭവമറിഞ്ഞെത്തിയ പോലീസ് അക്രമികള്‍ എത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡില്‍ അടുത്തകാലത്ത് ആക്രമണത്തിന് ഇരയാകുന്ന നാലാമത്തെ പള്ളിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല