1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2016

സ്വന്തം ലേഖകന്‍: ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ. ഇറാനിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായ ബാബക് സന്‍ജാനിക്കാണ് അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കോടതി വധശിക്ഷ വിധിച്ചത്. നാല്‍പ്പത്തിരണ്ടുകാരനായ സന്‍ജാനിക്കൊപ്പം മറ്റ് രണ്ട് പ്രതികള്‍ക്കു കൂടി കോടതി വധശിക്ഷ വിധിച്ചു.

തട്ടിച്ച പണം തിരിച്ചടയ്ക്കാനും പ്രതികളോട് നിര്‍ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സന്‍ജാനി മഹ്മൂദ് അഹ്മദിനെജാദിന്റെ ഭരണകാലത്ത് എണ്ണകയറ്റുമതി വ്യാപാരത്തിലെ മുഖ്യ ഇടനിലക്കാരനായിരുന്നു. എണ്ണ ഉപരോധത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ ഇറാനെ സഹായിച്ചതിന്റെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സന്‍ജാനിയെ കരിമ്പട്ടികയില്‍പ്പെടുത്തി.

യുഎഇയിലും തുര്‍ക്കിയിലും മലേഷ്യയിലുമുള്ള കമ്പനികളുടെ ശൃംഖല വഴി ഇറാനിയന്‍ സര്‍ക്കാരിനുവേണ്ടി ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ സന്‍ജാനി വിറ്റിരുന്നു. ഈവകയിലാണ് സര്‍ക്കാരിന് 120 കോടി ഡോളര്‍ നല്‍കാനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ കാരണമാണ് ഈ തുക നല്‍കാന്‍ കഴിയാത്തതെന്നാണ് സന്‍ജാനി വാദിച്ചത്.

എണ്ണ വില്‍പ്പനയില്‍നിന്നുള്ള വരുമാനമായ ശതകോടിക്കണക്കിന് ഡോളര്‍ ഒളിപ്പിച്ചുവച്ചുവെന്ന കേസില്‍ 2013 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.