സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ താമസിക്കുന്ന ്രൈകസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളി പെരുന്നാള്‍. ഈ തനിമ ഒട്ടും ചോരാതെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അവിസ്മരണീയമായ മിഴിവോടെ നടന്നു വരുന്ന ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍. യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദുക്‌റാന തിരുനാള്‍ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യാതി ഇതിനകം നേടികഴിഞ്ഞു. ഒരാഴ്ച മുന്‍പേ കൊടിയേറി, നാട്ടിലേതു പോലെ ഭക്തിനിര്‍ഭരമായ തിരുന്നാള്‍ കുര്‍ബാനകളും, പ്രദക്ഷിണവും കലാവിരുന്നുകളും പള്ളിപ്പറമ്പിലെ അനുഭവങ്ങളുമെല്ലാം അയവിറക്കാന്‍ യുകെ മലയാളികള്‍ മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ ഒത്തുചേരുക പതിവാണ്. തിരുനാളിന് രണ്ടു നാള്‍ മുന്‍പേ മാഞ്ചസ്റ്ററിലെ ഭവനങ്ങള്‍ എല്ലാം അതിഥികളാല്‍ നിറയും. കണ്മഷിയും, കരിവളയും, പീപ്പിയും ഉഴുന്നാടയും തട്ടുകടകളും എല്ലാം ആയി നാട്ടിന്‍പ്പുറത്തെ അനുഭവമാണ് ഇക്കുറിയും മാഞ്ചസ്റ്ററില്‍ അരങ്ങേറുക. പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിച്ച ഗാനമേള കഴിഞ്ഞ വര്‍ഷത്തെ കലാസന്ധ്യക്ക് നിറം പകര്‍ന്നപ്പോള്‍ ഇക്കുറിയും മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേള തിരുന്നാള്‍ പറമ്പില്‍ ഓപ്പണ്‍ എയറില്‍ പ്രത്യേകം തയ്യാറാക്കുന്ന സ്‌റ്റേജില്‍ അരങ്ങേറും.ജൂണ്‍ 26 ഞായറാഴ്ച വൈകുന്നേരം 4 നു തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റം നടക്കും. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലി മധ്യേ പ്രസുദേന്തി വാഴ്ചയും നടക്കും. ദിവ്യബലിയെ തുടര്‍ന്ന് ഉത്പന്ന ലേലവും നടക്കും. തുടര്‍ന്ന് ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടിന് രാവിലെ 10.30 നു ആഘോഷപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. നാട്ടില്‍ നിന്നും എത്തിച്ചേരുന്ന ഒരു ബിഷപ്പിനെ കൂടാതെ ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവീസും യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരും തിരുന്നാള്‍ കുര്‍ബാനയില്‍ കാര്‍മ്മികരാവും. ഭാരത അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളാണ് ഇക്കുറിയും നടക്കുക. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് പൌരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ പ്രദക്ഷിണവും തുടര്‍ന്ന് മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മാഞ്ചസ്റ്ററിലെ കത്തോലിക്കര്‍ മാത്രമല്ല നാനാജാതി മതസ്ഥരായ വിശ്വാസികള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്റര്‍ വീണ്ടും തിരുന്നാള്‍ ലഹരിയിലേക്ക് നീങ്ങവേ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി നിലവില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല