സ്വന്തം ലേഖകന്‍: മുംബൈയില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഡാന്‍സ് ബാറുകള്‍ വീണ്ടും തുറക്കുന്നു രണ്ടാഴ്ചത്തേക്ക് നാലു ബാറുകള്‍ക്കാണ് പോലീസ് ലൈസന്‍സ് നല്‍കുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ടര്‍ഡീയോയിലെ ഇന്ത്യാന, വിദ്യാവിഹാറിലെ നത്രജ്, മുലന്ദിലെ ഉമാപാലസ്, ഭന്ദപിലെ പദ്മാ പാലസ് എന്നീ ഹോട്ടലുകള്‍ക്കാണ് ഡാന്‍സ് ബാര്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ ഉപാധികളോടെ ഇവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേ സമയം പോലീസ് സ്‌റ്റേഷനില്‍ ഡാന്‍സിന്റെ ലൈവ് സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം കോടതി തള്ളി. മുംബൈയിലെ 350 എണ്ണം ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ 750 ഡാന്‍സ് ബാറുകളാണ് ഉള്ളത്.
സംസ്ഥാനത്ത് 200 ഡാന്‍സ് ബാറുകള്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബാര്‍ ഉടമകള്‍ വ്യക്തമാക്കി. അതേസമയം ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ അല്‍പ്പം കൂടി കാലതാമസം വന്നേക്കും. സാംസ്‌ക്കാരിക മന്ത്രാലയത്തില്‍ നിന്നുള്ള രംഗഭൂമി ലൈസന്‍സ്, ജീവനക്കാരുടെയും കലാകാരന്മാരുടെയും കാര്യത്തില്‍ നടക്കേണ്ട പോലീസ് വെരിഫിക്കേഷന്‍ എന്നിവയുടെ കാര്യത്തില്‍ വരുന്ന കാലതാമസമാണ് കാരണം.
2005 ലായിരുന്നു ഡാന്‍സ് ബാറുകള്‍ക്ക് മുംബൈയില്‍ നിരോധനം വന്നത്. ഇതോടെ 75,000 ലധികം സ്ത്രീകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അതേ സമയം ഡാന്‍സ് ബാറിന്റെ മറവില്‍ വേശ്യവൃത്തിയും മനുഷ്യക്കടത്തും സജീവമാകുമെന്നാണ് പോലീസിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല