സ്വന്തം ലേഖകന്‍: റഷ്യയില്‍ വിമാനം തകര്‍ന്ന് 62 പേര് കൊല്ലപ്പെട്ടു, മരിച്ചവരില്‍ മലയാളി ദമ്പതികളും. ദുബായില്‍ നിന്നും തെക്കന്‍ റഷ്യയിലേക്ക് പുറപ്പെട്ട ‘ഫൈ്ള ദുബായ്’ എന്ന യാത്രാ വിമാനമാണ് റോസ്റ്റോവ്ഓണ്‍ഡോണ്‍ എന്ന വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോള്‍ സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് സൂചന.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ ചാമക്കാലായില്‍ മോഹനന്റെ മകന് ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യയില്‍ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു മഞ്ജു. അവധി കഴിഞ്ഞ് ശ്യാമിനൊപ്പം ജോലിസ്ഥലത്തേക്കുള്ള യാത്രയാണ് ദുരന്തമായത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ.
55 യാത്രക്കാരും ഏഴ് ക്രൂ മെമ്പര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച യാത്രക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ 44 റഷ്യന്‍ വംശജര്‍, 8 യുക്രയ്ന് വംശജര്‍ 1 ഉസ്ബെകിസ്ഥാനി എന്നിവരും ഉള്‍പ്പെടുന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഇടിച്ച വിമാനം ചിതറി തെറിക്കുകയായിരുന്നു എന്ന് റഷ്യന്‍ അന്വേഷണ ഏജന്‍സിയുടെ വെബ്സൈറ്റ് സ്ഥിരീകരിച്ചു.
എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ വിമാനത്തിന് റണ്‍വേയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും ലാന്റിങിന് ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല