സാബു ചുണ്ടക്കാട്ടില്‍: യേശുദേവന്റെ ജറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്ററില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പിഞ്ച് കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രാജാധിരാജന് ഓശാന പാടി പ്രദക്ഷിണത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലെ മാതാവിന്റെ ഗ്രോട്ടോയിലാണ് ആദ്യഘട്ട തിരുക്കര്‍മ്മങ്ങള്‍ നടന്നത്. തുടര്‍ന്ന് പ്രദക്ഷിണമായി വിശ്വാസികള്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചതോടെ ദിവ്യബലി തുടര്‍ന്നു.
കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കന്മാരും പരസ്പരം ത്യാഗം ചെയ്ത് സ്‌നേഹത്തിന്റെ ബലിയര്‍പ്പിച്ച് ജീവിക്കുവാനും മറ്റുള്ളവര്‍ക്ക് മാതൃകാപരമായ ജീവിതം നയിക്കുവാനും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
ദിവ്യബലിയെ തുടര്‍ന്നു മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കൊഴുക്കട്ട നേര്‍ച്ച വിതരണവും ഓള്‍ട്ടര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള ലേലവും നടന്നു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവക വികാരി. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.
പെസഹ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാല് മുതലും, ദുഃഖ വെള്ളിയാഴ്ച ഉച്ചക്ക് 12 മുതലും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച 10 മുതലും ആരംഭിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല