സ്വന്തം ലേഖകന്‍: ബാഴ്സക്കു വേണ്ടി മെസി ഗോളടിച്ചു, റയല്‍ മാഡ്രിഡ് ആരാധികയുടെ കൈ ഒടിഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്സലോണയും സ്പാനിഷ് ലീഗിലെ കീരിയും പാമ്പുമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും തനിക്കും തമ്മില്‍ എന്തു വൈരാഗ്യമെന്നാണ് ഒരു റയല്‍ മാഡ്രിഡ് ആരാധികയുടെ ചോദ്യം.
സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സിയുടെ ഗോളിലേക്കുള്ള ഷോട്ട് ഉന്നം പിഴച്ച് റയല്‍ മാഡ്രിഡ് ആരാധികയുടെ കൈ ഒടിക്കുകയായിരുന്നു. വിയ്യ റയല്‍, ബാഴ്സലോണ മത്സരത്തിനിടെയാണ് സംഭവം. ഗോള്‍ പോസ്റ്റിന് തൊട്ടു പിന്നിലായി ഇരുന്ന റാക്വല്‍ എന്ന റയല്‍ മാഡ്രിഡ് ആരാധികയുടെ കൈയാണ് മെസ്സിയുടെ ഇടിവെട്ട് ഷോട്ടേറ്റ് ഒടിഞ്ഞത്.
മത്സരത്തിന്റെ 15 മത്തെ മിനിറ്റിലായിരുന്നു സംഭവം. വലത് ബോക്സിന് തൊട്ട് മുകളില്‍ വച്ച് മെസ്സി ഇടങ്കാല് കൊണ്ട് വിയ്യ റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഉന്നം തെറ്റി ഗോള്‍പോസ്റ്റിന്റെ മുകളിലൂടെ പറന്ന് റാക്വലിന്റെ കൈയിലാണ് കൊണ്ടത്.
മിന്നല്‍ വേഗത്തില്‍ വന്ന ബോള്‍ കൊണ്ട റാക്വല്‍ വേദനയില്‍ പുളയുകയും സമീപമിരിക്കുന്ന യുവതിയുടെ മേല്‍ തളര്‍ന്ന് വീഴുകയും ചെയ്തു. കൈയുടെ എല്ലിന് പൊട്ടലേറ്റ യുവതിയെ പിന്നീട് സംഘാടകര്‍ പുറത്തെത്തിച്ച് ചികിത്സ നല്കി. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല