സ്വന്തം ലേഖകന്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി പിടിക്കപ്പെട്ടപ്പോള്‍ പോലീസിനോട് പറഞ്ഞ മറുപടി കേട്ടാല്‍ വിജയ് മല്യ ഞെട്ടും. ‘എന്നെ പിടിക്കുന്നതിനുമുമ്പ് 9000 കോടി രൂപയുടെ ബാങ്ക് കുടിശ്ശിക വരുത്തി കടന്ന വിജയ് മല്യയെ പിടിക്കൂ’ എന്നായിരുന്നു മുംബൈ സബര്‍ബന്‍ തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ മറുപടി.
പ്രേമലത ബന്സാലിയെന്ന വീട്ടമ്മയുടെ വാദംകേട്ട റെയില്‍വേ പൊലീസ് ആദ്യം ഞെട്ടി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ചുമത്തിയ 260 രൂപ പിഴയടക്കാന്‍ അവര്‍ തയ്യാറായതുമില്ല. കോടികള്‍ വെട്ടിച്ച് കടന്നവനെ പിടിക്കാതെ പാവപ്പെട്ടവരെ ചെറിയ കുറ്റങ്ങളുടെ പേരില്‍ പിടികൂടാനാണ് പൊലീസിന് താല്‍പര്യമെന്നായിരുന്നു രണ്ടു കുട്ടികളുടെ അമ്മയായ പ്രേമലതയുടെ വാദം.
12 മണിക്കൂര്‍ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം പൊലീസ് പ്രേമലതയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും അവിടെയും അവര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ പിഴയടക്കാന്‍ തയാറല്ലെന്ന് അറിയിച്ചതോടെ യുവതിക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ച് പോലീസും കോടതിയും തലയൂരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല