സ്വന്തം ലേഖകന്‍: യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ മലയാളി വൈദികനെ വധിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം. ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ ടോം ഉഴുന്നാലിലിനെ ദുഃഖ വെള്ളിയാഴ്ച വധിച്ചതായി വാഷിങ്ടണ്‍ ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തക്ക് ഇതുവരെ സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൈദികനെ വധിച്ചതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നു വത്തിക്കാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു ബംഗളുരു പ്രോവിന്‍സിലെ സലേഷ്യന്‍ സഭാ വക്താവ് മാത്യു വാളറക്കോട്ടും വ്യക്തമാക്കി.
വത്തിക്കാനും വത്തിക്കാന്‍ നിയോഗിച്ച പ്രതിനിധികളും ഫാ. ടോമിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്. ഫാ. ടോമിനെ ഭീകരര്‍ കുരിശില്‍ തറച്ച് കൊലപ്പെടുത്തിയതായി വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റഫ് സ്‌കോബോണ്‍ സ്ഥിരീകരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെയാണ് കര്‍ദിനാള്‍ ഈ വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ നാലിനാണ് കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത്. ഇതുവരേയും അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഭീകരര്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല