ജോയ് അഗസ്തി: ഏതാനും വര്‍ഷത്തെ ഇടവേളക്ക് ശേഷം ലിവര്‍പൂള്‍ അതിരൂപതയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന ലിവര്‍പൂള്‍ അതിരൂപതയിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി പര്യവസാനിച്ചു. ഐക്യത്തിന്റെയും, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഈസ്റ്ററിന് ലിവര്‍പൂള്‍ അതിരൂപതയിലെ ഏഴ് ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഓശാന ഞായറാഴ്ച്ച മുതല്‍ ഈസ്റ്റര്‍ വരെയുള്ള കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂള്‍ അതിരൂപതയുടെ സീറോമലബാര്‍ സഭാ ചാപ്ലയിന്‍ ആയി നിയമിതനായ ഫാദര്‍. ജിനോ അരിക്കാട്ടിലിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ ഏഴ് ഇടവകാംഗങ്ങളേയും ഒരുമിച്ച് കൂട്ടി നടത്തിയ വിശുദ്ധവാര കര്‍മ്മങ്ങള്‍ തികച്ചും ഭക്തിയുടേയും തനത് സീറോമലബാര്‍ പാരമ്പര്യത്തിന്റെയും ഉദാത്ത മാതൃകയായി.
ഓശാന ഞായറാഴ്ച്ച ലിവര്‍പൂള്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാദര്‍.ജിനോ അരിക്കാട്ട് കാര്‍മ്മികത്വം വഹിച്ചു. കുരുത്തോല പ്രദക്ഷിണത്തിനും വിശുദ്ധ കുര്‍ബ്ബാനക്കും ശേഷം കൊഴുക്കട്ടയും ചായയും നല്‍കിയത് ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി.
പെസഹാ വ്യാഴാഴ്ച ഫസാക്കര്‍ലി സെന്റ്. ഫിലോമിനാസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും പന്ത്രണ്ട് സ്ലീഹന്മാരുടെ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ഏഴ് ഇടവകകളില്‍ നിന്നുള്ള ട്രസ്റ്റിമാരായിരുന്നു സ്ലീഹന്മാരായി എത്തിയത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാലും അപ്പവും വിതരണം ചെയ്തു.
ദു:ഖവെള്ളിയാഴ്ച്ച സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാദര്‍. ജിനോ അരിക്കാട്ടും ഫാദര്‍. ജേക്കബ് നാലുപുരയിലും നേതൃത്വം നല്കി.
ദു:ഖ ശനിയാഴ്ച്ച വൈകിട്ട് ഫസാക്കര്‍ലി ഹോളി നെയിം പള്ളിയില്‍ ഉയര്‍പ്പ് തിരുന്നാള്‍ ചടങ്ങുകള്‍ നടന്നു. ക്രിസ്തു നാഥന്റെ ഉയര്പ്പിന്റെ സ്മരണയില്‍ പുതിയ തീയും വെള്ളവും വെഞ്ചിരിച്ചു. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നതിന്റെ അര്‍ത്ഥം ‘ക്രിസ്തു ഇന്നും നമ്മോടുകൂടി ജീവിക്കുന്നു’ എന്നതാണ് എന്ന് ഫാദര്‍ ജേക്കബ് നാലുപുരയില്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.. ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള മനോഹരമായ ഡിസ്പ്ലേ പള്ളിയില്‍ ഒരുക്കിയിരുന്നു. അന്‍പത് ദിവസത്തെ നോമ്പിന് വിരാമമിട്ടുകൊണ്ട് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി എത്തിയവര്‍ക്കും എല്ലാ പള്ളികളിലും വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്തിയവര്‍ക്കും എല്ലാത്തിനും നേതൃത്വം നല്കിയവര്ക്കും ഫാദര്‍ ജിനോ അരിക്കാട്ട് നന്ദി പറഞ്ഞു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല