സ്വന്തം ലേഖകന്‍: പാലക്കാട് പോലീസിന്റെ സദാചാര വേട്ട, കാമുകിയോടൊപ്പം പാര്‍ക്കില്‍ സംസാരിച്ചിരുന്ന യുവാവിന്റെ പേരില്‍ ലൈംഗിക അതിക്രമത്തിന് കേസ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിന് എതിരെയാണ് സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമം ചെറുക്കല്‍ നിയമത്തിന്റെ പരിധിയില്‍ പെടുത്തി കേസെടുത്തത്.
കൂടെയുള്ളത് കാമുകിയാണെന്ന് വ്യക്തമാക്കിയിട്ടും, യാതൊരു പരാതിയുടെയും അടിസ്ഥാനമില്ലാതെയുമാണ് പോലീസ് നടപടിയെന്ന് പ്രസാദ് പരയുന്നു. ഫെബ്രുവരി ഇരുപതിന് വൈകിട്ട് നാലരയോടെ പാലക്കാട് കോട്ടയ്ക്കു സമീപമുള്ള വാടിക പാര്‍ക്കില്‍ സംസാരിച്ചിരിക്കുകയായിരുന്നു പ്രസാദും കാമുകിയും.
പെട്ടെന്ന് പോലീസ് സ്ഥലത്തെത്തുകയും എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ഒപ്പമുള്ളത് കാമുകിയാണെന്നും ഡി.സി ബുക്സിലെത്തിയ തങ്ങള്‍ വെറുതെ സംസാരിച്ചിരിക്കുകയാണ് എന്നുമുള്ള പ്രസാദിന്റെ മറുപടി കേട്ടപ്പോള്‍ നമുക്കൊന്ന് സ്റ്റേഷന് വരെ പോകേണ്ടി വരും എന്നായിരുന്നു പോലീസുകാരുടെ മറുപടി.
പോലീസിന്റെ അനുവാദത്തേടെ തന്നെ കാമുകിയെ വീട്ടിലേക്ക് മടക്കിയയച്ച് സ്റ്റേഷ്നിലേക്ക് പോയ പ്രസാദിനെ പരിചയമുള്ള രണ്ടു പേര് വന്നാല്‍ വിട്ടയക്കാമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെ പ്രസാദ് വിളിച്ചുവരുത്തിയതോടെ വിട്ടയച്ചു.
23032016 ബുധനാഴ്ച്ച സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് തനിക്ക് ലൈംഗികാതിക്രമ നിയമം ചുമത്തി സമന്‍സ് ലഭിച്ചതായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസാദ് പറയുന്നു. തന്റെ ദുരനുഭവം വ്യക്തമാക്കി നിയമ വഴിയില്‍ പോരാടാമെന്ന് വ്യക്തമാക്കി പ്രസാദ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. ഒട്ടേറെ പേര് പോലീസില്‍ നിന്ന് തങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി പിന്തുണയുമായി രംഗത്ത് എത്തുന്നുണ്ട്.
പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
‘കാമുകിയുമൊത്ത് പാലക്കാട് വാടികയില്‍ വച്ച് സംസാരിച്ചപ്പോ കിട്ടിയ കേസ് ആണ് ഇത്. കേരള പോലീസ് ആക്ട് 119 (എ). ചുരുക്കി പറഞ്ഞാല്‍ കേരളാ പോലീസ് എന്ന സദാചാര പോലീസ് എന്നെ ഒരു ലൈഗീക ജീവിയാക്കി എന്നര്‍ത്ഥം. കേസ്’ന്റെ വിശദ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. ജില്ല പോലീസ് മേധാവിക്ക് കൊടുക്കാന്‍ വച്ച കംപ്ലൈന്റ് ആണ്. വക്കീലുമായി സംസാരിച്ചപ്പോ കംപ്ലൈന്റ് കൊടുത്തിട്ട് കാര്യം ഇല്ലാ എന്നാണ് പറഞ്ഞത്. എനിക്കെതിരെ ഒരാളുടെ പരാതിപോലും ഇല്ലാ എന്നതാണ് മറ്റൊരുവശം. രണ്ടുകാര്യങ്ങള്‍ എനിക്ക് ചെയ്യാം.
1 വാ പൊത്തി കുറ്റം ഏറ്റെടുത്ത്. നാലായിരം രൂപ പിഴയും പിന്നെ കോടതി പിരിയും വരെ തടവും ന്നിട്ട് പല്ലിളിച്ചു പോരാം
2 വക്കീലും , കേസും, ധനനഷ്ടവും { മ്ള്ള് ഇല്ലത്ത് നാല്ലാനേം, നാലു ബസും ഉള്ള കൂട്ടത്തില്‍ അല്ലാ}.
വാടികയില്‍ ഇതൊരു സ്ഥിരം പരിപാടി ആണത്രേ. വിവാഹം ഉറപ്പിച്ചവര്‍ , കൂട്ടുക്കാര്, പ്രണയിക്കുന്നവര്‍ അങ്ങനെ ഒരുപാട് പേര് പിടിക്ക പെട്ടിട്ട്ണ്ട് . ആരും കേസിനു പിന്നാല്ലേ പോകാനുള്ള പേടി, വീട്ടില്‍ അറിയും എന്നുള്ള പേടി ഒക്കേം കാരണം ഒന്നാമത്തെ കാര്യം ചെയ്തു മിണ്ടാതെ ഇരിക്കുകയാണ് പതിവ്. ഒരാളുപോലും കേസിന്റെ വഴിയെ പോയിട്ടില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ലാ, നമ്മുടെ പോലീസ്, നിയമം എല്ലാം അങ്ങനെ ആണ്.
എന്തായാലും ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഉള്ള പൈസ വച്ച് നിയമപരമായി നേരിടാന്‍.
രണ്ടാള് വന്നാല്‍ വിടാം എന്നാണ് പോലീസ് പറഞ്ഞത്, അല്ലാതെ ജാമ്യം എന്ന വാക്ക് അവിടെ മിണ്ടിയിട്ടില്ലാ. സാധാരണ ഒരു പൌരനാണ് ഞാന്‍ അതുകൊണ്ട് തന്നെ രാണ്ടാളെ ആവശ്യം പെട്ടത് ഞാന്‍ ഒരു ഭീകരനല്ല എന്ന് തെളിയിക്കാനാകുമെന്നു വിചാരിച്ചു. ജാമ്യവും, പോലീസ് രീതികളും ഒന്നും എനിക്കറിയില്ലായിരുന്നു.
പ്രസാദ് എ
ഐക്കര വീട്
പാലോട് പോസ്റ്റ്
മണ്ണാര്‍ക്കാട് കോളേജ് വഴി
പാലക്കാട് 678583
9544698790
സുപ്രണ്ട് ഓഫ് പോലീസ്
പാലക്കാട്
സര്,
24022016 ബുധനാഴ്ച്ച വൈകീട്ട്, പാലക്കാട് കോട്ടയ്ക്കു സമീപമുള്ള ‘വാടിക’യില്‍ ഞാന്‍ എന്റെ കാമുകിയുമൊത്ത്
സമയം ചിലവിടുകയായിരുന്നു. പ്രവേശനവഴിയോടു ചേര്‍ന്ന് ഏകദേശം പത്തു മീറ്റര്‍ അപ്പുറമാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. 4.30 ഓടു കൂടി രണ്ട് പോലീസുകാര്‍ കടന്നുവരികയും അവിടെ ഇരിക്കുന്നതിന്റെ കാരണം ചോദിക്കുകയും ചെയ്തു. ഞാന്‍ കൂടെയുള്ളത് എന്റെ കാമുകിയാണെന്നും പാലക്കാട് ഡി.സി. ബുക്സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയതിനു ശേഷം സമയം ചിലവഴിക്കാനായി ഇവിടെ വന്നതാണെന്നും മറുപടി നല്കി. തുടര്‍ന്ന് പോലീസുകാര്‍ എന്നോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍
കാമുകിയോട് വീട്ടിലേക്കു പോകാന്‍ പറയട്ടെ എന്ന് അവരോട് ചോദിച്ചു. അവര്‍ സമ്മതം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ എന്നെ ജീപ്പില്‍ക്കയറ്റി.
പോകും വഴി കാമുകി എന്നൊക്കെ പരസ്യമായി പറയാന്‍ പറ്റുമോ എന്ന് കൊണ്ടുപോയ ഉദ്യോഗസ്ഥാന് ചോദിച്ചു. ഞാന്‍ സത്യമാണ് പറഞ്ഞതെന്നും എന്റെ വീട്ടില്‍ അറിയാം എന്നും പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. പോലീസുകരോടും അന്വേഷണത്തോടും ഞാന്‍ പൂര്‍ണ്ണമായി സഹകരിച്ചു. എന്നെ പരിചയമുള്ള രണ്ടു പേര് വന്നാല്‍ എന്നെ വിട്ടയക്കാം എന്ന് പറഞ്ഞതിനെ തുടര്‍ന്ന്, , ഞാന്‍ എന്റെ സുഹൃത്തുക്കളായ അജിത്ത്, ബവീര്‍ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു. എന്റെയും ബവീറിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പും ഞങ്ങളുടെ ഒപ്പും വാങ്ങിയതിനു ശേഷം എന്നെ വിട്ടയച്ചു.
23032016 ബുധനാഴ്ച്ച സൌത്ത് പോലീസ് സ്റ്റേഷനിലെ സമന്‍സ് കൈകാര്യം ചെയ്യുന്ന ജിനപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥന് എന്നെ വിളിച്ച്, പ്രസ്തുത സംഭവത്തില്‍ സമന്‍സ് ഉണ്ടെന്ന്! അറിയിച്ചു. 25032016 നു ഞാന്‍ സമന്‍സ് കൈപ്പറ്റി. സമന്‍സ് ലെ വിവരപ്രകാരം KP Act 119 (a) വകുപ്പ് ആണ് എനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ എനിക്കെതിരെ പരാതിയോ തെളിവോ ഇല്ല. എനിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട വകുപ്പോ, കേസിന്റെ് മറ്റു വിശദാംശങ്ങളോ എന്നോട് സംഭവം നടന്ന ദിവസം സ്റ്റേഷനില്‍ വെച്ച് അറിയിച്ചിരുന്നില്ല. സമന്‍സ് കിട്ടിയപ്പോള്‍ മാത്രമാണ് ഞാന്‍ കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കുന്നത്.
നിരപരാധിയായ എന്നെ വ്യാജമായ കേസില്‍ കുടുക്കുക എന്നതിനു പുറമെ, ചാര്‍ജ് ചെയ്യപ്പെടുന്ന കേസിന്റെ വിശദാംശങ്ങള്‍ അറിയുക എന്ന മൌലികമായ അവകാശം കൂടിയാണ് എനിക്ക് നിഷേധിക്കപ്പെട്ടത്. പ്രസ്തുത വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് എനിക്കെതിരായ വ്യാജ കേസ് പിന്‍വലിക്കാനും പോലീസുകാരുടെ സദാചാരപ്പോലീസിംഗിനെതിരെയും അലംഭാവത്തിനെതിരെയും കര്‍ശന നടപടിയെടുക്കാനും ഇതിനാല്‍ അപേക്ഷിക്കുന്നു എന്ന്,
തിയതി:
സ്ഥലം:
പ്രസാദ്.എ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല